നിയോജകമണ്ഡലത്തിലെ ആദ്യത്തെ അന്തരാഷ്ട്ര നിലവാരമുള്ള സ്കൂളായി പെരുമ്പാവൂർ ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ മാറുകയാണ്. ഇതിനുള്ള വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി കിഫ്ബിയിൽ സമർപ്പിച്ചു അംഗീകാരം നേടി. വിദ്യാഭ്യാസ വകുപ്പിന്റെ പൊതു വിദ്യാഭ്യാസ യഞ്ജത്തിന്റെ ഭാഗമായാണ് പദ്ധതി സമർപ്പിച്ചത്. പതിനാല് കോടി രൂപയുടെ അടിസ്ഥാന വികസനമാണ് ലക്ഷ്യമിടുന്നത്. നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്ന ഇൻസ്പെയർ പെരുമ്പാവൂർ വിദ്യാഭ്യാസ പദ്ധതിയുമായി സംയോജിപ്പിച്ചാകും സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി ഉയർത്തുന്നത്.രണ്ട് ഘട്ടങ്ങളായി നടപ്പിലാക്കുന്ന പദ്ധതി പൂർത്തിയാകുന്നതോടെ പൂർണ്ണമായും ഡിജിറ്റലാകുന്ന ആദ്യത്തെ വിദ്യാലയം ആകും ഗവ. ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ.

ഇരിങ്ങോൾ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിന് 80 ലക്ഷം രൂപയും കാഞ്ഞിരക്കാട് ഗവ. എൽ.പി സ്‌കൂളിന് 20 ലക്ഷം രൂപയും എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചു. ഇരിങ്ങോൾ സ്‌കൂളിന് വെക്കേഷണൽ ഹയർസെക്കണ്ടറി വകുപ്പിൽ നിന്ന് 49 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. രണ്ട് പദ്ധതികൾക്കും ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമായിട്ടുണ്ട്. ടെണ്ടർ നടപടികൾ പൂർത്തികരിച്ചാൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ സാധിക്കും.
അഡ്വ. എൽദോസ് പി കുന്നപ്പിള്ളിൽ
എം.എൽ.എ, പെരുമ്പാവൂർ

കനത്ത മഴയിൽ തകർന്ന രായമംഗലം ഗ്രാമപഞ്ചായത്തിലെ പി.കെ.വി റോഡിലെ പാണേക്കാവ് പാലം പുനർ നിർമ്മിക്കുന്നതിന് ആവശ്യമായ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ ജി സുധാകരന് നിവേദനം നൽകി. വിശദമായ എസ്റ്റിമേറ്റ് സഹിതമാണ് നിവേദനം നൽകിയത്. ഒരു കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളത്. തകർന്ന പാലം പൂർണ്ണമായും പൊളിച്ചു മാറ്റി പുനർ നിർമ്മിക്കേണ്ടി വരും. 9.74 മീറ്റർ നീളത്തിലും 8.5 മീറ്റർ വീതിയിലും നിർമ്മിക്കുന്നതിനാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളത്.

വെങ്ങോല പഞ്ചായത്തിലെ പോഞ്ഞാശ്ശേരി ചിത്രപ്പുഴ റോഡിലെ തകർന്ന രണ്ട് കൾവെർട്ടുകൾ പുനഃരുദ്ധരിക്കുന്നതിന് 25 ലക്ഷം രൂപ അനുവദിക്കുന്നതിനും നിവേദനത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.

അഡ്വ. എൽദോസ് പി കുന്നപ്പിള്ളിൽ
എം.എൽ.എ, പെരുമ്പാവൂർ

കഴിഞ്ഞ സംസ്ഥാന ബജറ്റിൽ 25 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി സമർപ്പിച്ചു അംഗീകാരം നേടിയെടുത്ത വല്ലം – ഇരിങ്ങോൾ റിങ് റോഡിന്റെ ഇൻവെസ്റ്റിഗേഷൻ നടപടികൾ ആരംഭിച്ചു. നടപടികൾ പൂർത്തീകരിച്ചു വിശദമായ പദ്ധതി റിപ്പോർട്ട് ‘ കിഫ്‌ബി ‘ യിൽ സമർപ്പിച്ചു അംഗീകാരം നേടിയെടുക്കുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെരുമ്പാവൂരിലെ രൂക്ഷമായ ഗതാഗത കുരുക്കിന് റിങ് റോഡ് ഒരു പ്രധാന പരിഹാരമാകും.

അഡ്വ എൽദോസ് പി. കുന്നപ്പിള്ളിൽ
എം.എൽ.എ, പെരുമ്പാവൂർ.

അപകടങ്ങളിലും മറ്റും മുറിവേറ്റു കാൽ നഷ്ടമായവർക്ക് ആധുനിക നിലവാരമുള്ള കൃത്രിമ കാലുകൾ പൂർണ്ണമായും സൗജന്യമായി നൽകുന്നു. മൂവാറ്റുപുഴ റോട്ടറി ക്ലബിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. അപേക്ഷകൾ നവംബർ മാസം നാലാം തിയതി വൈകുന്നേരം അഞ്ച് മണി വരെ പെരുമ്പാവൂർ കെ.എസ്.ആർ.റ്റി.സി ക്ക് സമീപമുള്ള എം.എൽ.എ ഓഫിസിൽ സ്വീകരിക്കുന്നതാണ്.

അഡ്വ. എൽദോസ് പി കുന്നപ്പിള്ളിൽ
എം.എൽ.എ, പെരുമ്പാവൂർ.