Select Page

പൊതു വിദ്യാഭ്യാസം

ഓരോ വ്യക്തിയുടെയും വികസനത്തിനുളളതും രാഷ്ട്രം ഒന്നാകെ പടുത്തുയര്‍ത്തിയിരിക്കുന്നതുമായ അടിത്തറയാണ് പ്രാഥമിക വിദ്യാഭ്യാസം. അടുത്തകാലത്തായി, പ്രാഥമിക വിദ്യാഭ്യാസമേഖലയില്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നതിലും അവരെ വിദ്യാലയങ്ങളില്‍ നിലനിര്‍ത്തുന്നതിലും സ്ഥിരമായ ഹാജര്‍ നിരക്കിലും ജനസംഖ്യയുടെ മൂന്നില്‍ രണ്ടുവിഭാഗത്തിലേയ്ക്കും സാക്ഷരത വിപുലീകരിക്കുന്നതിലും ഇന്ത്യ വന്‍ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. നമ്മുടെ സാമ്പത്തികവളര്‍ച്ചയ്ക്ക് പ്രധാന സംഭാവന നല്കിയ ഘടകങ്ങളിലൊന്നായി പലപ്പോഴും ഇന്ത്യയുടെ മെച്ചപ്പെട്ട വിദ്യാഭ്യാസ സംവിധാനം എടുത്തുകാണിക്കപ്പെടുന്നു. അതേസമയംതന്നെ, ഇന്ത്യയിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം ആശങ്കയ്ക്കു വഴിവെയ്ക്കുകയും ചെയ്യുന്നു.

വിവരസാങ്കേതിക വിദ്യയുടെ ഈ കാലഘട്ടത്തില്‍, ഐസിടി, വിദ്യാഭ്യാസമേഖലയില്‍ ചെയ്യാന്‍ സാധിക്കുന്നവയും അല്ലാത്തവയുമായവ തമ്മിലെ അന്തരം ഇല്ലാതാക്കുന്നതിന് ഗ്രാമീണഭാരതത്തില്‍ സ്തുത്യര്‍ഹമായ ഭാഗം വഹിക്കുന്നു. ഇന്ത്യയിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്‍റെ ആഗോളവത്കരണം എന്ന ലക്ഷ്യം സ്വരൂപിക്കുന്നതിനാവശ്യമായ വിഭവ സാമഗ്രികള്‍ ലഭ്യമാക്കുന്നതിലൂടെ അധ്യാപകരെയും കുട്ടികളെയും ശക്തരാക്കുവാനുള്ള ശ്രമമാണ് ഇന്ത്യാഡവലപ്മെന്‍റ് ഗേറ്റ് വേയുടെ പ്രാഥമിക വിദ്യാഭ്യാസ ലക്ഷ്യം.

ലോകമെമ്പാടും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഒരോ കുഞ്ഞിന്റേയും അവകാശമാണ്. ഇന്‍ഡ്യയെ സംബന്ധിച്ചിടത്തോളം ഭരണഘടന വിഭാവനം ചെയ്യുന്നത് 14 വയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ക്ക് നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നല്‍കുക എന്നതാണ്. ഇതിനാവശ്യമായ സാഹചര്യം ഒരുക്കേണ്ടത് ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരാണ്. ആ ഉത്തരവാദിത്തം വേണ്ടവിധത്തില്‍ നിര്‍വ്വഹിക്കപ്പെടുന്നുണ്ടോ എന്ന ഒരന്വേഷണമാണ് ഈ ലേഖനം. കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തില്‍ ശ്രദ്ധാലുക്കളായ എല്ലാവരും ഈ വിഷയത്തില്‍ പ്രതികരിക്കും എന്ന് പ്രതീക്ഷിക്കുന്നു.
I) പ്രീ-പ്രൈമറി വിദ്യാഭ്യാസം
II) പ്രൈമറി വിദ്യാഭ്യാസം
III) സെക്കണ്ടറി വിദ്യാഭ്യാസം
ഇവയെപ്പറ്റി വിശദമായി ഒന്നു പരിശോധിക്കാം
പ്രീ-പ്രൈമറി വിദ്യാഭ്യാസം


ഒരു കുട്ടി ജനിച്ച് 3 വയസ്സു മുതല്‍ അഞ്ചു വയസ്സുവരെയുള്ള കാലഘട്ടമാണല്ലോ ഇത്. ഭാവിയുടെ ഭാഗധേയങ്ങള്‍ രൂപപ്പെടുന്നത് ക്‌ളാസ് മുറികളില്‍ ആണെന്നാണ് നമ്മുടെ രാഷ്ട്ര പിതാവ് പറഞ്ഞിരിക്കുന്നത്. എല്ലാ വിദേശരാജ്യങ്ങളും ഈ മേഖലയില്‍ വളരെയധികം പ്രാധാന്യമാണ് കൊടുക്കുന്നത്. ബുദ്ധിയുടെ ബഹുമുഖ തലങ്ങള്‍ക്ക്, പ്രാധാന്യം നല്‍കേണ്ട ഈ ഘട്ടം ഇപ്പോള്‍ ആരെല്ലാമാണ് നിയന്ത്രിക്കുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്.
1) സാമൂഹ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലുള്ള അംഗനവാടികള്‍
2) മത/സാമുദായിക സംഘടനകളുടെ നേതൃത്വത്തിലുള്ള സ്ഥാപനങ്ങള്‍
3) സ്വകാര്യ വ്യക്തികളുടെ സ്ഥാപനങ്ങള്‍
4) പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ചുള്ള അംഗീകാരമുള്ള സ്ഥാപനങ്ങള്‍
5) പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ച് സര്‍ക്കാര്‍ സഹായമില്ലാതെ എസ്.എം.സി/പി.ടി.ഏ യുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍
മേല്‍പ്പറഞ്ഞ അഞ്ചു വ്യത്യസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഗുണഭോക്താവ് ഒന്നേയുള്ളൂ. മൂന്നുവയസ്സുമുതല്‍ അഞ്ചു വയസ്സുവരെയുള്ള കുട്ടികള്‍. ഇവര്‍ക്കു ലഭിക്കുന്നത് അഞ്ചു വ്യത്യസ്ത രീതിയിലുള്ള വിദ്യാഭ്യാസമാണ്. ഇവിടെ നിയതവും ഏകീകൃതവുമായ ഒരു വിദ്യാഭ്യാസ പാഠ്യപദ്ധതി ആവിഷ്കരിക്കുന്നതിനോ പ്രയോഗത്തില്‍ വരുത്തുന്നതിനോ നാളിതുവരെ ഒരുദ്യമവും ഉണ്ടായിട്ടില്ല. മേല്‍പ്പറഞ്ഞ ഓരോ മേഖലയിലും ഏതു രീതിയിലുള്ള നല്‍കുന്നതെന്നും അതിനുള്ള സാഹചര്യം ഒരുക്കുന്നതെന്നും നമുക്കു പരിശോധിക്കേണ്ടതുണ്ട്.
1) സാമൂഹ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലുള്ള അംഗനവാടികള്‍
പാലൂട്ടുന്ന അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്കും അവരുടെ ആരോഗ്യ പരിരക്ഷയ്ക്കും ബുദ്ധി വികാസത്തിനും കൗണ്‍സിലിങ്ങിനും ഈ അംഗനവാടികള്‍ ബാദ്ധ്യസ്ഥരാണ്. ഇതില്‍ പ്രധാനം മൂന്നു മുതല്‍ അഞ്ചു വരെ വയസ്സുള്ള കുട്ടികളുടെ മാനസിക വികാസത്തിനും പ്രീസ്കൂള്‍ അനുഭവങ്ങള്‍ ഒരുക്കുന്നതിനുമാണ് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ത്രിതലപ്പഞ്ചായത്ത് സൗകര്യം വന്നപ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഇവയുടെ പ്രവര്‍ത്തനം നടക്കുന്നത്.
ഒരംഗനവാടിയില്‍ ഒരു വര്‍ക്കറും ഒരു ആയയും മാത്രമാണ് ഉള്ളത്. ഒരു പഞ്ചായത്തിലെ ഓരോ വാര്‍ഡിലും ഒരു അംഗനവാടിയെങ്കിലും ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. മിക്ക അംഗനവാടികളിലും 70 വയസ്സുവരെയുള്ള വര്‍ക്കറോ ആയയോ പ്രവര്‍ത്തിച്ചു വരുന്നു. മിക്ക അംഗനവാടികള്‍ക്കും സ്വന്തമായി കെട്ടിടങ്ങളോ മറ്റു സൗകര്യങ്ങളോ ഇല്ല. എന്തിന് ഉപയോഗശൂന്യമായ കാലിത്തൊഴുത്തുകള്‍ വരെ അംഗനവാടികളായി പ്രവര്‍ത്തിക്കുന്നുണ്ട്. പത്തു മുതല്‍ മൂന്നര വരെയാണ് പ്രവര്‍ത്തന സമയം.
കളി കുട്ടിയുടെ സഹജ വാസനയാണ്. കളികളിലൂടെയാണ് ഓരോ കുഞ്ഞുങ്ങളുടേയും ആരോഗ്യപരവും ബൗദ്ധികപരവുമായ വികാസവും പരിശീലനവും സിദ്ധിക്കുന്നത്. ദൗര്‍ഭാഗ്യമെന്ന് പറയട്ടേ, ഭൂരിഭാഗം അംഗനവാടികളിലും സര്‍ക്കാര്‍ ഇതിനനുയോജ്യമായ ഒരു സൗകര്യവും ഒരുക്കിയിട്ടില്ലാ. മാത്രമല്ല സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന കല്ലുകരടുകാഞ്ഞിരക്കട്ട മുതല്‍ മുള്ളുമൊരടുമൂര്‍ഖന്‍പാമ്പുവരെയുള്ള സര്‍വ്വേകള്‍ നിര്‍വ്വഹിക്ക്കേണ്ടതും ഈ വര്‍ക്കര്‍മാരാണ്. ഈ അവസരങ്ങളില്‍ യാതൊരു പരിശീലനവും ലഭിക്കാത്ത ആയമാര്‍ ആയിരിക്കും കുട്ടികളുടെ സംരക്ഷണം നിര്‍വ്വഹിക്കുന്നത്. അതിന്റെ പരിണിതഫലം എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. മേല്‍പ്പറഞ്ഞ സര്‍വ്വേകളും പ്രതിമാസ അവലോകനയോഗങ്ങളും പരിശീലനക്‌ളാസുകളും കഴിഞ്ഞാല്‍ വളരെക്കുറച്ചു ദിവസങ്ങള്‍ മാത്രമേ ‘ഭാവിയുടെ ഭാഗധേയ’ങ്ങള്‍ക്കായി നീക്കി വയ്ക്കാന്‍ കഴിയൂ. നമ്മുടെ കുഞ്ഞുങ്ങളുടെ ഒരു ഗതിയേ..!!!
a) അംഗനവാടികളിലെ പാഠ്യപദ്ധതി
SCERT യുടെ വിദ്യാഭ്യാസ വിചക്ഷണര്‍ തയ്യാറാക്കുന്ന പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിലാണ് ഇവിടുത്തെ വിദ്യാഭ്യാസം. അക്ഷരപരിശീലനം ഈ പദ്ധതിയില്‍ നിഷ്കര്‍ഷിക്കുന്നില്ല. എന്നിരുന്നാലും അക്ഷരം പഠിച്ചില്ലായെങ്കില്‍ അംഗനവാടികളിലേക്ക് കുട്ടികളെ വിടില്ല എന്ന ഭയത്താല്‍ മിക്ക വര്‍ക്കര്‍മാരും കുട്ടികളെ അക്ഷരം പഠിപ്പിക്കാന്‍ നിര്‍ബന്ധിതരാകുന്നു. മിക്ക വര്‍ക്കേര്‍സിനും പ്രത്യേക യോഗ്യത പറഞ്ഞിട്ടില്ലാത്തറ്റ്ഹിനാല്‍ ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള രീതിയിലാണ് പാഠ്യപദ്ധതി നടപ്പിലാക്കുന്നത്.
b) ഭൗതിക സാഹചര്യം
ഭാരതത്തിന്റെ ഭാവി വാഗ്ദാനങ്ങളെ വാര്‍ത്തെടുക്കുന്ന അവസ്ഥ എത്രമാത്രം ദയനീയമാണെന്ന് നിങ്ങള്‍ക്ക് കണ്ട് ബോദ്ധ്യപ്പെടാം. ഇത്തരം സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അവയ്ക്ക് ആവശ്യമായ ആധുനിക രീതിയിലുള്ള ഭൗതിക സാഹചര്യങ്ങളോ ഗുണമേന്മയുള്ള പാഠ്യപദ്ധതിയോ ആവിഷ്കരിക്കുവാനോ യഥാസമയം പരിശോധിച്ച് ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിനോ ഒരു ഭരണസംവിധാനത്തിനും കഴിഞ്ഞിട്ടില്ലെന്നുള്ളത് ലജ്ജാകരമാണ്.
2) മത/സാമുദായിക സംഘടനകളുടെ നേതൃത്വത്തിലുള്ള സ്ഥാപനങ്ങള്‍
മതങ്ങളുടേയും സമുദായത്തിന്റേയും പേരില്‍ നടത്തുന്ന പ്ലേസ്കൂളുകള്‍ എന്നറിയപ്പെടുന്ന ഇത്തരം സ്ഥാപനങ്ങളില്‍ രക്ഷിതാക്കളില്‍ നിന്ന് അമിതമായ ഫീസ് ഈടാക്കി കുട്ടികളെ സംരക്ഷിക്കുന്നു. മിക്കതും അടച്ചിട്ട മുറികളിലാണ് പ്രവര്‍ത്തിക്കുന്നത്. ഏകീകൃതമായ ഒരു പാഠ്യപദ്ധതി ഇവിടെയില്ല. നടത്തിപ്പുകാരുടെ ഇഷ്ടാനുസരണം ഇന്‍ഡ്യയിലെ ഏതു പ്രസാധകന്റേയും പാഠപുസ്തകങ്ങള്‍ വാങ്ങി കുട്ടികലെന്ന പാവം തുമ്പികളെക്കൊണ്ട് കല്ലെടുപ്പിക്കുന്നു. നിയമപരമായി ഈ സ്ഥാപനങ്ങളെ നിരോധിക്കാനോ നിയന്ത്രിക്കാനോ സര്‍ക്കാരിനും കഴിയുന്നില്ല. വലിയ മുതല്‍ മുടക്കുള്ള കളിയുപകരണങ്ങളും മറ്റും വാങ്ങി സ്ഥാപിച്ച് കുട്ടികളേയും രക്ഷിതാക്കളേയും ആകര്‍ഷിക്കുക എന്ന കച്ചവട തന്ത്രമാണ് ഇത്തരം സ്ഥാപനങ്ങള്‍ മിക്കതിലും കാണപ്പെടുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ മിക്കതിലും കുട്ടികള്‍ക്കായി പ്രത്യേക വാഹനസൗകര്യമൊരുക്കിയിരിക്കും. ഇവിടെ വാങ്ങുന്ന ഫീസിനോ പഠനോപകരണങ്ങള്‍ക്കോ യാതൊരു മാനദണ്ഡവുമുണ്ടായിരിക്കില്ല. ഇവിടെ ഏതു രീതിയിലുള്ള വിദ്യാഭ്യാസവും വ്യക്തിവികാസവും നടപ്പാക്കുന്നതെന്ന് ഒരു സര്‍ക്കാര്‍ ഏജന്‍സിക്കും യാതൊരു വിവരവും ഇല്ല. സാധാരണക്കാരായ രക്ഷിതാക്കള്‍ക്ക് അപ്രാപ്യമാണ് ഇത്തരം ഡേകെയര്‍സെന്ററുകള്‍. ഇപ്പോള്‍ കണ്ടുവരുന്ന പ്രവണത അതതു മത/ജാതി സമുദായ നേതാക്കളുടെ ആഹ്വാനവും നിര്‍ദ്ദേശവും മൂലം തികച്ചും സൗജന്യമായി വിദ്യാഭ്യാസം നല്‍കുന്ന സമാനമായ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് പോകേണ്ട കുട്ടികളെ തട്ടിയെടുക്കുന്ന അവസ്ഥയാണ്. ഇതുമൂലം നിലവാരമുള്ള സര്‍ക്കാര്‍ സര്‍ക്കാര്‍ പ്രീപ്രൈമറി വിദ്യാലയങ്ങള്‍ പോലും നിന്നു പൊയ്ക്കൊണ്ടിരിക്കുന്ന ഭീതിതമായ അവസ്ഥയാണ് കണ്ടുവരുന്നത്. ബാല്യം മുതല്‍ക്കേ കുട്ടികളെ മതത്തിന്റേയും ജാതിയുടേയും പേരില്‍ ധ്രുവീകരിക്കുന്ന ഇത്തരം പ്രവണതയാണ് ഇന്നു കണ്ടുവരുന്നത്.
4) പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ചുള്ള അംഗീകാരമുള്ള സ്ഥാപനങ്ങള്‍
ഒരു വിദ്യാഭ്യാസ ഉപജില്ലയില്‍ തന്നെ നാലോ അഞ്ചോ സ്ഥാപനങ്ങള്‍ മാത്രമേ ഇത്തരത്തില്‍ കാണാറുള്ളൂ. പൊതുവിദ്യാഭ്യാസവകുപ്പിന്റെ കീഴിലാണിത്. അംഗനവാടികളെപ്പോലെ തന്നെ SCERT യുടെ പാഠ്യപദ്ധതിയാണ് ഇവിടെയും അവര്‍ പിന്തുടരുന്നത്. സര്‍ക്കാര്‍ വിദ്യാലയങ്ങളോടനുബന്ധിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഇവിടെ മിക്കതിനും അവശ്യം വേണ്ട പഠനോപകരണങ്ങളോ കളിയുപകരണങ്ങളോ ഉണ്ടാവുകയില്ല. അമ്പതുകുട്ടികളുണ്ടായാലും ഒരു കുടുസ്സു മുറിയില്‍ ഒരു അദ്ധ്യാപിക/അദ്ധ്യാപകന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ SCERT വിഭാവനം ചെയ്യുന്ന കരിക്കുലത്തിനുമപ്പുറം മറ്റ് സ്വകാര്യസ്ഥാപനങ്ങളോടു കിടപിടിക്കത്തക്ക രീതിയില്‍ പാഠപുസ്തകങ്ങളും മറ്റും സ്വകാര്യ ഏജന്‍സികളില്‍ നിന്നും വരുത്തിയാണ് ഇവിടങ്ങളില്‍ പഠനം നടത്തുന്നത്. രക്ഷിതാക്കളുടെ ഇംഗ്ലീഷ് മാദ്ധ്യമത്തോടുള്ള അമിത ഭ്രമം മൂലം മാതൃഭാഷയിലൂടെയുള്ള പഠനം ഇവിടെ ഇല്ലെന്നു തന്നെ പറയാം. H&C Publications, Nettikkadan, PCM, DCB എന്നുവേണ്ട ഇന്‍ഡ്യയിലെ പ്രീപ്രൈമറിക്കുവേണ്ടി പുസ്തകം അച്ചടിക്കുന്ന ഏതു പ്രസാധകന്റേയും പുസ്തകങ്ങള്‍ പഠിക്കാന്‍ ഇവിടുത്തെക്കുട്ടികള്‍ നിര്‍ബന്ധിതരാകുന്നു. ഒരു സര്‍ക്കാര്‍ പ്രീപ്രൈമറിയില്‍ നിന്നും വ്യത്യസ്തമായിരിക്കും മറ്റൊരു സര്‍ക്കാര്‍പ്രീപ്രൈമറിയിലെ വിദ്യാഭ്യാസ ക്രമം. യാത്രാ സൗകര്യവും പരിമിതമാണ്. വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് പ്രൈമറിസ്കൂളുക്കളോടനുബന്ധിച്ച് പ്രീ പ്രൈമറി വേണമെന്ന് നിഷ്കര്‍ഷിക്കേ മിക്ക പ്രൈമറി സ്കൂളുകളിലും ഇത് അനുവദിക്കാത്തതും ഉള്ളത് വേണ്ടവിധത്തില്‍ നടത്തിക്കൊണ്ട് പോകാന്‍ താല്‍പ്പര്യം കാണിക്കാത്തതും എന്തുകൊണ്ടാണെന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഈ ലേഖനത്തിന്റെ തലക്കെട്ടു സൂചിപ്പിക്കുന്നതും അതു തന്നെയാണ്.
5) പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ച് സര്‍ക്കാര്‍ സഹായമില്ലാതെ എസ്.എം.സി/പി.ടി.ഏ യുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍
സര്‍ക്കാര്‍ സ്കൂളുകളില്‍ സര്‍ക്കാരിന്റെ അംഗീകാരമില്ലാതെ സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റി (SMC/PTA) നേരിട്ട് നടത്തുന്ന സ്ഥാപനങ്ങളാണിവ. സമീപകാലത്ത് അനാദായകരമെന്ന് കരുതി (ഫോക്കസ് -15 ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങള്‍) പൂട്ടപ്പെടാന്‍ സാദ്ധ്യതയുള്ള വിദ്യാലയങ്ങളിലെ രക്ഷിതാക്കള്‍ ഒരു അവസാനശ്രമമെന്ന നിലയില്‍ ഒന്നാം ക്‌ളാസിലേക്ക് കുട്ടികളെ കിട്ടാന്‍ അദ്ധ്യാപകരുടെ സഹായത്തോടെ ആരംഭിച്ചതാണ് ഈ ക്‌ളാസുകള്‍. ഇവിടെയും മേല്‍പ്പറഞ്ഞ രീതിയിലുള്ള ഏകീകൃതമല്ലാത്ത പാഠ്യപദ്ധതിയും പഠനസമ്പ്രദായവുമാണ് പിന്തുടരുന്നത്. സമൂഹത്തെ മുഴുവന്‍ ബാധിച്ചിരിക്കുന്ന ജ്വരമാണല്ലോ ഇംഗ്ലീഷ് മാദ്ധ്യമത്തിലൂടെയുള്ള വിദ്യാഭ്യാസം. SMC യുടെ നേതൃത്ത്വത്തിലുള്ള പ്രീപ്രൈമറികളിലും സ്വകാര്യ കോര്‍പ്പറേറ്റുകള്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളാണ് പഠനത്തിനായി വിനിയോഗിക്കുന്നത്. മറ്റ് അദ്ധ്യാപകരുടേയും രക്ഷിതാക്കളുടേയും സ്പോണ്‍സര്‍ഷിപ്പിലൂടെയാണ് ഇവിടുത്തെ പ്രീപ്രൈമറി ടീച്ചര്‍മാര്‍ക്കും മറ്റുള്ളവര്‍ക്കും വേതനം നല്‍കി വരുന്നത്. എസ്.എം.സിയുടെ നേതൃത്വത്തില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന അനേകം വിദ്യാലയങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. എങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ യാതൊരു വിധമായ പരിഗണനയും ഇവയ്ക്ക് ലഭിക്കുന്നില്ലാ എന്നത് ഒരു ദുഃഖസത്യം മാത്രമാണ്.
സ്വകാര്യ-മാനേജ്മെന്റ് വിദ്യാലയങ്ങളിലെ ചില പൊതുവായ മേന്മകള്‍ വിസ്മരിക്കത്തക്കതല്ല,. പഠനരീതി, അക്കാദമിക സൗകര്യങ്ങള്‍ ഇവയ്ക്കെല്ലാം പരിമിതികളുണ്ടെങ്കിലും പാഠപുസ്തക വിതരണം, കൃത്യസമയത്തിലുള്ള മൂല്യ നിര്‍ണ്ണയം, പഠന നേട്ടങ്ങള്‍ കൈവരിച്ച കുട്ടികള്‍ക്കുള്ള അംഗീകാരം, കുട്ടികളുടെ യാത്രാ സൗകര്യമൊരുക്കല്‍, മതിയായ കളിയുപകരണങ്ങള്‍ സ്ഥാപിക്കല്‍, ശിശു സൗഹൃദ അന്തരീക്ഷമൊരുക്കല്‍, അദ്ധ്യാപകരുടെ തിരഞ്ഞെടുപ്പും മൂല്യ നിര്‍ണ്ണയവും തുടങ്ങി പലതും കൃത്യത പാലിക്കുന്നുണ്ട് എന്നതാണവ.
പ്രൈമറി വിദ്യാഭ്യാസം
കതിരില്‍ കൊണ്ട് വളം വയ്ക്കുന്ന എന്നൊരു ചൊല്ലുണ്ട്. പൊതുവിദ്യാഭ്യാസമെന്ന് ഉദ്ദേശിക്കുന്നത് തന്നെ പത്താം ക്‌ളാസില്‍ എല്ലാ വിഷയത്തിനും A+ കിട്ടുക എന്നതാണ് എന്ന് തോന്നാറുണ്ട്. പത്താംതരം ജയിച്ച ഒരു കുട്ടിയുടെ പഠന നിലവാരം പരിശോധിച്ചാല്‍ അതില്‍ ധാരാളം വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട് എന്നതാണ് അടുത്ത കാലത്തുയര്‍ന്ന വിമര്‍ശനങ്ങള്‍. ഇവയെക്കുറിച്ച് ഗഹനമായി ഒരു പരിശോധന നടത്തിയാല്‍ ചില കാര്യങ്ങള്‍ വ്യക്തമാകും. സാര്‍വത്രികവും സൗജന്യവുമായ പ്രാഥമിക വിദ്യാഭ്യാസത്തിന് പൊതു വിദ്യാഭ്യാസ വകുപ്പ് എത്രമാത്രം പ്രാധാന്യം കൊടുക്കുന്നുണ്ട് എന്നതാണ് ചോദ്യം. ഇവിടെ കതിരില്‍ വളം വച്ചിട്ട് അതിന്റെ വിളവിനെക്കുറിച്ചാണ് വിമര്‍ശിക്കുന്നത്.
ഒന്നു മുതല്‍ എട്ടാം ക്‌ളാസ് വരെയാണ് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പ്രൈമറി ക്‌ളാസുകളായി നിര്‍ണ്ണയിച്ചിരിക്കുന്നത്. 9 & 10 ഇവ സെക്കണ്ടറി ക്ളാസുകളും. കേരളത്തില്‍ ഇത് തികച്ചും വ്യത്യസ്തമാണ്. ഒന്നു മുതല്‍ നാലുവരെ പ്രൈമറി (LP) അഞ്ചുമുതല്‍ ഏഴുവരെ അപ്പര്‍ പ്രൈമറി(UP), എട്ടുമുതല്‍ 10 വരെ സെക്കണ്ടറി (HS). പ്രാഥമിക വിദ്യാഭ്യാസം ഗുണമേന്മയുള്ളതായിരിക്കണമെന്നാണ് എല്ലാ വിദ്യാഭ്യാസ കമ്മീഷനുകളും നിഷ്കര്‍ഷിക്കുന്നത്. അഞ്ചുതരം പ്രൈമറി വിദ്യാഭ്യാസമാണ് കേരളത്തില്‍ ഇന്ന് പൊതുവേ കാണുന്നത്.
1) സംസ്ഥാന സിലബസ്
2) സി.ബി.എസ്.സി
3) ഐ.സി.എസ്.സി
4) കേന്ദ്ര സിലബസ് (NCERT)
5) അന്താരാഷ്ട്ര സിലബസ്
ഇവ എന്താണെന്ന് പരിശോധിക്കാം
1) സംസ്ഥാന സിലബസ്
സംസ്ഥാന സിലബസ് പിന്തുടരുന്ന വിദ്യാലയങ്ങളെ മൂന്നായി തിരിക്കാം.
a) AIDED
b) Recognized AIDED
c) Government Schools
a) അംഗീകൃത സ്കൂളുകള്‍ (AIDED)
ഇതില്‍ തന്നെ സിംഗിള്‍ മാനേജ്മെന്റ്, കോര്‍പറേറ്റ് മാനേജ്മെന്റ് എന്നിങ്ങനെ രണ്ടു വിഭാഗമുണ്ട്. സംസ്ഥാന സിലബസാണ് ഇവിടെ പിന്തുടരുന്നത്. ഇവിടെ നിയമനം നടത്തുന്നത് മാനേജരും ശമ്പളം കൊടുക്കുന്നത് സര്‍ക്കാരുമാണ്. കേരളത്തിലെ മിക്ക സമുദായങ്ങള്‍ക്കും ഇന്ന് എയിഡഡ് സ്കൂളുകള്‍ ഉണ്ട്. സംസ്ഥാന സിലബസിനോട് അടുത്ത കാലത്തുണ്ടായ വിരക്തി മൂലം രക്ഷിതാക്കള്‍ കുട്ടികളെ മറ്റ് അനംഗീകൃത സ്കൂളുകളില്‍ വിടുകയും ഇതുമൂലം ഇത്തരം വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കുറയുകയും ചെയ്തു. കുട്ടികളുടെ എണ്ണക്കുറവുമൂലം ജോലി നഷ്ടപ്പെട്ട പതിനായിരങ്ങള്‍ ഇന്ന് നമ്മുടെ സംസ്ഥാനത്തുണ്ട്. ഇവിടുത്തെ ഭൗതിക സാഹചര്യം ഒരുക്കേണ്ടത് മാനേജ്മെന്റ് ആണ്. അക്കാര്യത്തില്‍ പലസ്കൂളുകളും പരിതാപകരമായ അവസ്ഥയിലാണ്. ആരോഗ്യ ശുചിത്വരംഗത്ത് ഇത്തരം വിദ്യാലയങ്ങളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ അടുത്ത കാലത്ത് ഉയര്‍ന്നു വന്നിട്ടുണ്ട്.
b) അംഗീകൃത അണ്‍‌ എയ്ഡഡ് (Recognized Unaided)
സിംഗിള്‍ മാനേജ്മെന്റില്‍ അധിഷ്ഠിതമാണ് ഇവയില്‍ മിക്കതും. സര്‍ക്കാര്‍ അംഗീകാരം ഉണ്ടെന്നിരിക്കേ ഇത്തരം വിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിന് പരിമിതികളുണ്ട്. മിക്ക വിദ്യാലയങ്ങളും അടിസ്ഥാന സൗകര്യം ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സിലബസാണ് ഇവിടെ പിന്തുടരുന്നതെങ്കിലും ഇവയിലെല്ലാം തന്നെ സ്വകാര്യ പ്രസാധകരുടെ പാഠപുസ്തകങ്ങളാണ് പഠിപ്പിക്കുന്നത്. ഇതിനെ നിയന്ത്രിക്കുന്നതിനോ നിരീക്ഷിക്കുന്നതിനോ ഇന്ന് സൗകര്യമില്ല.
c) സര്‍ക്കാര്‍ പ്രൈമറി വിദ്യാലയങ്ങള്‍
യഥാര്‍ത്ഥത്തില്‍ പൂരം വെടിക്കെട്ട് നടക്കുന്നതിവിടെയാണ്. സമൂഹത്തിലെ എല്ലാ കുഞ്ഞുങ്ങള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കേണ്ട ഉത്തരവാദിത്തം നിര്‍വ്വഹിക്കേണ്ടവരാണ് പൊതു വിദ്യാഭ്യാസ വകുപ്പ്. എന്നാല്‍ ഇന്ന് കുത്തഴിഞ്ഞ പുസ്തകം പോലെയാണ് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്. പ്രൈമറി വിദ്യാഭ്യാസം തന്നെ എല്‍.പി. മാത്രമുള്ളത്, എല്‍.പിയും യു.പിയും കൂടിയുള്ളത്, എല്‍.പി. യും ഒപ്പം യു.പി.യുടെ അഞ്ചാം ക്‌ളാസും കൂടിച്ചേര്‍ന്നത്, യു.പി മാത്രമുള്ളത് ഇങ്ങനെ അവിയല്‍ രൂപത്തിലാണ് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചു വരുന്നത്.
ഒന്നു മുതല്‍ ഏഴുവരെയുള്ള പ്രൈമറി വിദ്യാഭ്യാസ രംഗത്തെ രണ്ടായി തിരിക്കാം.
1) അക്കാദമിക തലം
2) ഭൗതിക തലം
ഇവയെന്താണെന്ന് പരിശോധിക്കാം
1) അക്കാദമിക തലം
മാറുന്ന ഭരണകൂടങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് നിരന്തരം നിരീക്ഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും പ്രയോഗങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്ന ഈ മേഖലയിലെ ഗിനിപ്പന്നികളാണ് സംസ്ഥാന സിലബസ് പിന്തുടരുന്ന സാധാരണക്കാരന്റെ കുട്ടികള്‍. ശിശു മനഃശാസ്ത്രജ്ഞന്മാരുടെ അഭിപ്രായമനുസരിച്ച് ഒന്നു മുതല്‍ പന്ത്രണ്ടു വയസ്സുവരെയുള്ള കാലമാണ് തലച്ചോറിലെ നൂറോണ്‍ വലക്കണ്ണികളുടെ വികാസം നടക്കുന്നത്. Howard Earl Gardner എന്ന കുട്ടികളുടെ മനഃശാസ്ത്രജ്ഞന്‍ ബുദ്ധിയുടെ ബഹുമുഖ തലങ്ങളെപ്പറ്റി അഭിപ്രായപ്പെട്ടിട്ടുണ്ട് 12 വയസ്സാകുമ്പോഴേക്കും കുട്ടിയുടെ തലച്ചോറിന്റെ വികാസം ഏകദേശം പൂര്‍ണ്ണമാകും. വസ്തുതകള്‍ ഇങ്ങനെ ആയിരിക്കേ, ഈ പ്രായത്തില്‍ ഗുണമേന്മയുള്ള പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം നമുക്ക് കുറച്ചു കാണാന്‍ കഴിയുകയില്ല.
നമ്മുടെ പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞ പതിറ്റാണ്ടുകളായി മാറ്റപ്പെട്ടുകൊണ്ടേയിരിക്കുന്നു. വിവിധ ഏജന്‍സികള്‍ നമ്മുടെ പ്രൈമറി വിദ്യാഭ്യാസ മേഖലയില്‍ പണം നിക്ഷേപിച്ചിട്ടുണ്ട് (ADB യുടെ സഹായത്തോടെ DPEP, World Bank സഹായത്തോടെ SSA etc.). ചുരുക്കം ചില ജില്ലകളില്‍ മാത്രം നടപ്പിലാക്കിയ DPEP പദ്ധതി നിരന്തര വിമര്‍ശനങ്ങള്‍ക്ക് വിധേയമാവുകയും തുടര്‍ന്ന് ഉപേക്ഷിക്കുകയുമാണുണ്ടായത്. ശേഷം, 2000 മുതല്‍ സര്‍വ്വ ശിക്ഷാ അഭിയാന്‍ എന്ന കേന്ദ്ര പദ്ധതി പ്രൈമറി വിദ്യാഭ്യാസ രംഗം മികവുറ്റതാക്കാന്‍ ശ്രമിച്ചു വരുന്നു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ വരുന്ന കരിക്കുലം കമ്മറ്റി തയ്യാറാക്കുന്ന പാഠപുസ്തകങ്ങളാണ് നിലവില്‍ ഉപയോഗിച്ചു വരുന്നത്. കരിക്കുലം കമ്മറ്റി അംഗീകരിക്കുന്ന, പാഠപുസ്തകങ്ങളും അദ്ധ്യാപക സഹായികളും തയ്യാറാക്കുന്നത് SCERT യും എന്നാല്‍ ആ സിലബസിനെ അടിസ്ഥാനമാക്കിയുള്ള അദ്ധ്യാപക പരിശീലനം നല്‍കല്‍, വിവിധ പഠനസഹായികളുടെ നിര്‍മ്മാണം തുടങ്ങിയവ നടപ്പിലാക്കുന്നത് SSA യും ആണ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ പ്രവീണരായ അദ്ധ്യാപകരെ ഇന്റര്‍വ്യൂ നടത്തിയാണ് SSA യിലേക്ക് തിരഞ്ഞെടുക്കേണ്ടത്. പലപ്പോഴും തിരഞ്ഞെടുപ്പില്‍ ഭരിക്കുന്ന കക്ഷിയുടെ അദ്ധ്യാപക സംഘടനകളുടെ പിണിയാളന്മാര്‍ ആയിരിക്കും കടന്നു വരുന്നത്. അഞ്ചു വര്‍ഷത്തെ ഭരണ ശേഷം അവര്‍ മാറുമ്പോള്‍ അടുത്ത ഭരണപക്ഷത്തിന്റെ ആളുകള്‍ ആയിരിക്കും ഇത് നിയന്ത്രിക്കുന്നത്. അങ്ങനെ വിദ്യാഭ്യാസ വകുപ്പ് കയ്യാളുന്ന രാഷ്ട്രീയ കക്ഷിയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കലാകും ചുരുക്കത്തില്‍ നടക്കുന്നത്.
പ്രഥമാദ്ധ്യാപകനെന്ന പാഞ്ചാലിയും വകുപ്പുകളിലെ പഞ്ചപാണ്ഡവരും.
പഞ്ചപാണ്ഡവരുടെ ഭാര്യയായ പാഞ്ചാലിയുടെ ഗതിയാണ് പ്രൈമറി സ്കൂളിലെ ഒരു പ്രഥമാദ്ധ്യാപകന്റേത്. പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വഴി പ്രഥമാദ്ധ്യാപകര്‍ നടപ്പിലാക്കണം. ഈ ഓഫീസറാണ് ആദ്യ ഭര്‍ത്താവ്. ഒരു വര്‍ഷം ഒരായിരം ഡാറ്റകള്‍ ആവശ്യപ്പെടുകയും ഓഡിറ്റ്, ISM എന്നിവ പറഞ്ഞ് സദാസമയവും ഭയപ്പെടുത്തുകയും ചെയ്യുന്ന ബി.ആര്‍.സി സെന്ററുകളിലെ ബി.പി.ഒ ആണ് അടുത്ത ഭര്‍ത്താവ്. ജില്ലാ വിദ്യാഭ്യാസ ഇന്‍സ്റ്റിറ്റ്യൂട് (DIET) ലെ ഫാക്കല്‍റ്റി ആണ് മറ്റൊരു ഭര്‍ത്താവ്. സര്‍ക്കാര്‍ പ്രൈമറി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക കാര്യങ്ങള്‍ നിയന്ത്രിക്കേണ്ട പഞ്ചായത്ത് പ്രസിഡണ്ടും ഒരു ഭര്‍ത്താവായി വരും. വിദ്യാഭ്യാസ അവകാശ നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നുണ്ടോയെന്ന് മോനിറ്റര്‍ ചെയ്യുന്ന എസ്.എം.സി ചെയര്‍മാനാണ് ആണ് മറ്റൊരു ഭര്‍ത്താവ്. ഇനി പ്രത്യക്ഷത്തിലല്ലാതെ അനേകം ജാരന്മാരുമുണ്ട്. ഇവരെല്ലാം പറയുന്നത് ഈ പാവം ഭാര്യയായ പ്രഥമാദ്ധ്യാപകന്‍ ഒരേ സമയം അനുസരിച്ചേ പറ്റൂ.
ഒന്നുമുതല്‍ നാലുവരെയുള്ള ക്‌ളാസുകള്‍ക്കായി HM ഉള്‍പ്പെടെ നാല് അദ്ധ്യാപകരാണുള്ളത്. ക്‌ളാസ് ടീച്ചര്‍ സിസ്റ്റം അവലംബിക്കുന്ന പ്രൈമറി ക്‌ളാസുകളില്‍ HM ഒരു ക്‌ളാസിന്റെ പരിപൂര്‍ണ്ണ ചാര്‍ജ് വഹിക്കണം. ഏതെങ്കിലും ഒന്നോ രണ്ടോ അദ്ധ്യാപകര്‍ അവധിയിലായാല്‍ ഒരു ദിവസം മുഴുവന്‍ ആ ക്‌ളാസുകള്‍ നാഥനില്ലാക്കളരിയായി മാറും. 200 സാദ്ധ്യായ ദിനങ്ങള്‍ വേണ്ടതില്‍ ഉള്ളതില്‍ മിക്കപ്പോഴും 180-190 ദിവസങ്ങളേ പ്രവര്‍ത്തി ദിനങ്ങളായിട്ടുള്ളൂ. അതില്‍ തന്നെ പ്രാദേശിക ഉത്സവങ്ങള്‍, വിദ്യാഭ്യാസ ബന്ദുകള്‍, പ്രകൃതിക്ഷോഭങ്ങള്‍ എന്നിവ മൂലം പിന്നെയും വളരെയധികം സാദ്ധ്യായ ദിനങ്ങള്‍ നഷ്ടമാകും. ഇതിനിടയിലാണ് ഉച്ചഭക്ഷണത്തിനായുള്ള അരി, പച്ചക്കറി, മുട്ട, പാല്‍ തുടങ്ങിയവ പ്രഥമാദ്ധ്യാപകന്‍ സമയബന്ധിതമായി സ്കൂളില്‍ എത്തിക്കേണ്ടത്. SPARK ല്‍ കൂടി അദ്ധ്യാപകരുടെ ശമ്പളം തയ്യാറാക്കല്‍, പ്രമോഷന്‍, ട്രാന്‍സ്ഫര്‍, പോസ്റ്റിങ്ങ്, സമ്പൂര്‍ണ്ണ സോഫ്റ്റ് വഴിയുള്ള കുട്ടികളുടെ എണ്ണം നല്‍കല്‍, വിവിധതരം സ്കോളര്‍ചിപ്പുകള്‍ എന്നിവയെല്ലാം നിര്‍വ്വഹിക്കേണം. മിക്ക സ്കൂളുകളിലും ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്തതിനാല്‍ കഫേകളില്‍ പോയി വേണം പ്രഥമാദ്ധ്യാപകര്‍ ഇത് സാധിക്കേണ്ടത്. കൂടാതെ ശമ്പളം തുടങ്ങിയവയ്ക്ക് ട്രഷറിയില്‍ പോകല്‍, യൂണിഫോം വാങ്ങല്‍, പുസ്തകങ്ങള്‍ സമയാസമയങ്ങളില്‍ എത്തിക്കല്‍, പഠനസഹായികള്‍ പഠനോപകരണങ്ങള്‍ എന്നിവ കൃത്യമായി എത്തിക്കല്‍, സ്കൂളിന്റെ കാലാകാലങ്ങളിലുള്ള മെയിന്റനന്‍സ്, സ്കൂള്‍ ശുചിത്വം, ആരോഗ്യപരിപാലനം തുടങ്ങിയവയ്ക്ക് മുന്നിട്ടിറങ്ങി നടപ്പാക്കുകയും ഒപ്പം യുവജനോത്സവമടക്കം സര്‍ക്കാര്‍ നിയോഗിക്കുന്ന എല്ലാ പരിപാടികള്‍ക്കും പങ്കെടുക്കുകയും ചെയ്യേണ്ടത് ഈ ഒറ്റ വ്യക്തിയാണ്. ഒരു ദിവസം പരിപൂര്‍ണ്ണമായും ഒരു ക്‌ളാസിന്റെ ചാര്‍ജുള്ള ഈ പ്രഥമാദ്ധ്യാപകന് എങ്ങനെ കുട്ടികള്‍ക്ക് “സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന” (?) ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കാന്‍ കഴിയുക!?
തീര്‍ന്നില്ല, അദ്ധ്യാപകരുടെ ക്‌ളാസുകള്‍ മോണിറ്റര്‍ ചെയ്യേണ്ടതും സ്കൂളുകളിലെ 74 ഓളം റെക്കോഡുകള്‍ എഴുതി സൂക്ഷിക്കേണ്ടതും രണ്ടു തരത്തിലുള്ള കാഷ് ബുക്കുകള്‍ മെയിന്റയിന്‍ ചെയ്യേണ്ടതും കുട്ടികളുടെ യാത്രാസുരക്ഷ, സ്കൂളിന്റെ സ്ഥാവര ജംഗമ വസ്തുക്കള്‍ സൂക്ഷിക്കല്‍, കാലാകാലങ്ങളില്‍ ഫിറ്റ്നെസ് സര്‍ട്ടിഫിക്കേറ്റ് കരസ്ഥമാക്കല്‍, ദിനാചരണങ്ങള്‍ക്ക് പ്രമുഖ വ്യക്തികളെ പങ്കെടുപ്പിക്കല്‍, സ്കൂള്‍ വികസന പദ്ധതി തയ്യാറാക്കല്‍, യുവജനോത്സവങ്ങളുടെ നടത്തിപ്പ്, ഫണ്ട് കളക്ഷന്‍, വിവിധ ജാതിമതസ്ഥരായ കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വിതരണം, ഉണ്ടാകുന്ന വീഴ്ചകള്‍ക്ക് ഉത്തരം പറയല്‍ തുടങ്ങിയവയും ഇവരുടെ ചുമലിലാണ്. ഈ ജോലിക്കെല്ലാം ഓടിനടക്കേണ്ട ഒന്നാംസാറന്മാര്‍ സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന എല്ലാത്തരം അദ്ധ്യാപക പരിശീലനങ്ങളിലും പങ്കെടുക്കുകയും വേണം. ദിനാചരണങ്ങള്‍ക്ക് പ്രമുഖ വ്യക്തികളെ സംഘടിപ്പിക്കല്‍ മുതല്‍ വര്‍ഷാവര്‍ഷമുള്ള മികവുകളുടെ ഡോക്യുമെന്റേഷനും ഇവരുടെ ചുമലിലാണ്. എല്ലാ വകുപ്പുകള്‍ക്കും കൃത്യമായി ഉത്തരം പറയേണ്ട പ്രഥമാദ്ധ്യാപകന്‍ കൃത്യാന്തര ബാഹുല്യം മൂലം താന്‍ കൈകാര്യം ചെയ്യുന്ന ക്‌ളാസ് പലപ്പോഴും ഒഴിവാക്കുന്ന പ്രവണതയാണ് കണ്ടു വരുന്നത്. ഇതു മൂലം ഒരു സ്കൂളിലെ ആ ക്‌ളാസിനു സംഭവിക്കുന്ന പഠന നിലവാരത്തകര്‍ച്ച പരിഹരിക്കാന്‍ നിലവില്‍ ഒരു മാര്‍ഗ്ഗവും ഇല്ല. 100 കുട്ടികളുള്ള LP സ്കൂളുകളിലും 10 കുട്ടികളുള്ള സ്കൂളിലും പ്രഥമാദ്ധ്യാപകന്റെ ഈ ചുമതലകള്‍ക്ക് മാറ്റമൊന്നുമില്ല.
അദ്ധ്യാപകരുടെ പ്രശ്നങ്ങള്‍
വിദ്യാലയ മികവുകള്‍ക്കായി പ്രഥമാദ്ധ്യാപകന്റെ പ്രയാണത്തിനിടയില്‍ ഏറ്റവും കൂടുതല്‍ ഭര്‍ത്സനം കേള്‍ക്കേണ്ടത് അദ്ധ്യാപകരാണ്. കൃത്യമായി പഠിപ്പിക്കേണ്ടവ ആസൂത്രണം ചെയ്ത് പഠനപ്രവര്‍ത്തനങ്ങള്‍ ഒരുക്കേണ്ടത് ഇവരുടെ കടമയാണ്. ഇത്തരം ജോലികള്‍ക്കിടയില്‍ പരിശീലന ക്‌ളാസുകള്‍, മേളകള്‍, യുവജനോത്സവങ്ങള്‍ എന്നിവയില്‍ പങ്കെടുക്കേണ്ടതു കാരണം പലപ്പോഴും അവര്‍ ശ്രദ്ധിക്കുന്ന ക്‌ളാസുകളെ അതു ബാധിക്കുന്നു. മിക്ക സര്‍ക്കാര്‍ സ്കൂളുകളിലും അന്യജില്ലയില്‍ നിന്നുള്ളവരാകും അദ്ധ്യാപകരായി ഉണ്ടാവുക. കൃത്യസമയത്ത് സ്കൂളുകളില്‍ എത്താന്‍ സാധിക്കാതെ വരുന്നതുമൂലം അവര്‍ക്കവകാശപ്പെട്ട അവധിദിവസങ്ങള്‍ മുഴുവന്‍ അവര്‍ ഉപയോഗിക്കുകയാണു ചെയ്യുന്നത്.
പുസ്തകക്ഷാമം
9 വയസ്സു പൂര്‍ത്തിയാകുന്ന ഒരു പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന ഗണിത ശേഷിയും (Math Skills) ഭാഷാ നൈപുണികളും (Language skills) ശാസ്ത്രത്തിലെ പ്രക്രിയാ ശേഷികളും (Process Skills) കൃത്യമായി നേടേണ്ടതുണ്ട്. ഇതുപയോഗിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് അവരെ കാത്തിരിക്കുന്നത്. കുട്ടികളുടെ പഠനോപകരണങ്ങളില്‍ പ്രഥമ സ്ഥാനം പാഠപുസ്തകങ്ങള്‍ക്കാണ്. ഈ പഠനോപകരണത്തെ അടിസ്ഥാനപ്പെടുത്തിയാണ് കുട്ടികളുടെ പഠനശേഷീ നിലവാരം മൂല്യനിര്‍ണ്ണയം ചെയ്യപ്പെടുന്നത്. കേരളത്തില്‍ ഇത് മൂന്നു ഘട്ടങ്ങളിലായിട്ടാണ് (Term) പരിശോധിക്കപ്പെടുന്നത്. ഒന്നാം ടേം ഓണപ്പരീക്ഷ എന്നാണ് അറിയപ്പെടുന്നത്. ആഗസ്ത് – സെപ്തംബര്‍ മാസങ്ങളായിട്ടാണ് ഓണപ്പരീക്ഷ കടന്നുവരുന്നത്. ഈ വര്‍ഷം ആഗസ്ത് 28 നാണ് തിരുവോണം. അതിന്റെ രണ്ടു ദിവസങ്ങള്‍ മുന്‍പെങ്കിലും സ്കൂള്‍ അടയ്ക്കേണ്ടതുണ്ട്. അപ്പോള്‍ മൂല്യനിര്‍ണ്ണയം ഒരാഴ്ച മുന്‍പേ നടത്തേണ്ടി വരും. എന്നാല്‍ സാദ്ധ്യായ ദിവസങ്ങള്‍ എണ്ണി നോക്കിയാല്‍ 43 മുതല്‍ 45 ദിവസങ്ങള്‍ വരെ മാത്രമേ ഉള്ളൂ എന്ന് കാണാം. അതില്‍ തന്നെ 26 ഓളം ദിനങ്ങള്‍ ഇതിനോടകം കഴിഞ്ഞിരിക്കുന്നു. പല ക്‌ളാസുകളിലും പാഠപുസ്തകങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. ഇനി എന്നു കിട്ടുമെന്ന് ആര്‍ക്കും ഒരറിവും ഇല്ല. സാമ്പത്തിക ശേഷിയുള്ളവര്‍ നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് കോപ്പി എടുത്ത് പഠിക്കാമെന്ന് കരുതാം. അതും പൂര്‍ണ്ണമായില്ല. പൊതു വിദ്യാഭ്യാസത്തെ ആശ്രയിക്കുന്ന സാധാരണക്കാരന്റെ കുട്ടിക്ക് എന്തു ചെയ്യാനാകും? ഇനി അവശേഷിക്കുന്ന ഇരുപതില്‍ താഴെ അദ്ധ്യയന ദിവസങ്ങളില്‍ നിന്നും എന്തു പഠന നേട്ടമാണ് ഒരു കുട്ടിക്ക് ഉണ്ടാക്കാന്‍ കഴിയുക? എങ്ങനെയാണ് കൃത്യതയോടെയുള്ള ഒരു മൂല്യ നിര്‍ണ്ണയം സാദ്ധ്യമാവുക? ഇത്രയും പിടിപ്പുകെട്ട ഒരു വകുപ്പ് മറ്റെന്തുണ്ട്?

കഴിഞ്ഞ വര്‍ഷം 1, 3, 5, 7 ക്‌ളാസുകളിലെ പുസ്തകങ്ങളാണ് മാറിയത്. ഈ വര്‍ഷം 2, 4, 6, 8 ക്‌ളാസുകളിലെ പുസ്തകങ്ങളും. മുന്‍ വര്‍ഷങ്ങളിലും നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടേയിരിക്കുകയായിരുന്നു ഇവ. പാഠ്യപദ്ധതിയില്‍ കാലഘട്ടങ്ങളുടെ മാറ്റങ്ങള്‍ക്കനുസരിച്ച് മാറ്റം ആവശ്യമാണെന്നത് ഒരു വസ്തുതയാണ്. എന്നിരിക്കിലും അതിന്റെ പേരില്‍ സ്ഥിരതയോ സംക്രമണക്ഷമതയോ ഏകോപനമോ ഇല്ലാതെ ഭരണം മാറുന്നതിനനുസരിച്ച് നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരേ ഒരു സിലബസ് ലോകത്തില്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസ സിലബസ് ഒന്നു മാത്രമായിരിക്കും. നിലവില്‍ ഭരിക്കുന്ന കക്ഷിയുടെ വിദ്യാഭ്യാസ നയത്തോടുള്ള സമീപനമോ കാഴ്ചപ്പാടോ ആയിരിക്കില്ല അടുത്ത സര്‍ക്കാരിന്റേത്. ഇതൊന്നു മാറ്റിപ്പിടിക്കാം എന്ന് അവര്‍ക്കൊരു തോന്നലുണ്ടായാല്‍ ഇത് വീണ്ടും പരിഷ്കരിക്കപ്പെടും. ഒരു ഗവ. ഓര്‍ഡറില്‍ തീരാവുന്ന കാര്യമേയുള്ളൂ! ഇതിന്റെയെല്ലാം പരിണിത ഫലം അനുഭവിക്കുന്നവര്‍ ആരാണ്? നമ്മുടെ കുട്ടികള്‍!!! അടിക്കടി മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന കേരള സിലബസിന്റെ പരീക്ഷണവസ്തുക്കളാക്കാന്‍ തന്റെ കുട്ടികളെ സാധാരണക്കാരന്‍ പോലും തയ്യാറാകാത്തതിന്റെ ഒരു പ്രധാനകാരണം ഈ കൊള്ളിക്കരുതാഴികയാണ്. സാധാരണക്കാരന്റെ ആശ്രയമായ പൊതുവിദ്യാഭ്യാസ രംഗത്ത് ഇത്തരം അരക്ഷിതാവസ്ഥ മനഃപൂര്‍വ്വം സൃഷ്ടിച്ചുകൊണ്ട് സ്വകാര്യ നിയന്ത്രിത വിദ്യാഭ്യാസ ഏജന്‍സികള്‍ക്ക് തടിച്ചുകൊഴുക്കുവാനും ജനങ്ങളെ പിഴിയാനുമുള്ള ഒരു അവസരം ഒരുക്കിക്കൊടുക്കുകയുമാണ് ഇതിലൂടെ ഭരണാധികാരികള്‍ നിര്‍വ്വഹിച്ചു പോരുന്നത്. ICSE, CBSE, NCERT പോലുള്ളവ കേന്ദ്രീയാധിഷ്ഠിതമാണ്. ഇവയെ അഠിസ്ഥാനമാക്കിയുള്ള പാഠപുസ്തകങ്ങളും പാഠ്യപദ്ധതികളും കേരള സിലബസ് പോലെ നിരന്തരം മാറ്റത്തിനു വിധേയമാകുന്നില്ല. ഇത്തരം സിലബസുകള്‍ പിന്തുടരുന്ന വിദ്യാലയങ്ങള്‍ക്ക് സ്കൂള്‍ അടയ്ക്കുന്ന ദിവസം തന്നെ അടുത്ത അദ്ധ്യയന വര്‍ഷത്തേക്കുള്ള മുഴുവന്‍ പാഠപുസ്തകങ്ങളും കുട്ടികള്‍ക്ക് കൊടുക്കാന്‍ സാധിക്കുന്നു. ഇത്, രക്ഷിതാക്കളെ തങ്ങളുടെ കുട്ടികളെ ഇത്തരം വിദ്യാലയത്തിലേക്ക് എന്തു വിലകൊടുത്തും വിടാന്‍ പ്രേരകമാകുന്നു. ഇതിന് അവസരവും വഴിയും ഒരുക്കുന്നത് ഈ സാധാരണക്കാര്‍കൂടി വോട്ടു നല്‍കി വിജയിച്ചിപ്പു വിട്ട ഭരണാധികാരികളല്ലാതെ മറ്റാരുമല്ല. കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തെ സംരക്ഷിക്കേണ്ട ആളുകള്‍ നൂറുവട്ടം അത് പുലമ്പുകയും പ്രചരിപ്പിക്കുകയും ചെയ്യുമ്പോള്‍ തന്നെ സ്വകാര്യ ലോബികളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി നിലകൊള്ളുന്നത് പൊതു സമൂഹത്തോടു ചെയ്യുന്ന കടുത്ത വഞ്ചനയും അപരാധവുമാണ്. കാലം ഒരുകാലത്തും ഈ പിഞ്ചു കുഞ്ഞുങ്ങളുടെ കണ്ണുനീരിനു മാപ്പു നല്‍കില്ല. അവസാനമായി പറഞ്ഞുകൊള്ളട്ടേ, കുട്ടികളുടെ കണക്കെടുപ്പിനായി IT@School നിര്‍മ്മിച്ചിരിക്കുന്ന “സമ്പൂര്‍ണ്ണ” എന്ന സോഫ്റ്റ്വേറിലെ ഒറ്റ ക്ലിക്കിലൂടെ കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടേയും ഇനം തിരിച്ചുള്ള ആകെ എണ്ണം കിട്ടുമെന്നിരിക്കേ പാഠപുസ്തക നിര്‍മ്മാണത്തിലും വിതരണത്തിലും ഇവര്‍ കാട്ടുന്ന അലംഭാവവും മെല്ലെപ്പോക്കും ആരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന് പ്രബുദ്ധരായ കേരള ജനത തിരിച്ചറിയേണ്ടതുണ്ട്. രണ്ടു മാസത്തെ അവധിക്കു ശേഷം പള്ളിക്കൂടങ്ങള്‍ തുറന്ന് മാസമൊന്നു പിന്നിട്ടിട്ടും ‘എവിടെയടിക്കും എവിടെയടിക്കും’ എന്ന് അച്ചടിശാല തെണ്ടി നടക്കുന്ന ഒരു സര്‍ക്കാരിനേയും അതിന്റെ വകുപ്പിനേയും ലോകത്തെ പരമദരിദ്രങ്ങളായ രാജ്യങ്ങളില്‍ പോലും കാണാന്‍ കഴിയില്ല. പട്ടിണിപ്പാവങ്ങളുടെ രാജ്യങ്ങളുള്ള ആഫ്രിക്ക ഭൂഖണ്ഡത്തില്‍ ജോലി നോക്കിയിട്ടുള്ള ഈ ലേഖകന് അവിടെപ്പോലും ഇത്തരം കുത്തഴിഞ്ഞതും ഉത്തരവാദിത്തവും പ്രതിബദ്ധതയുമില്ലാത്ത, ഭാവിയുടെ ഭാഗധേയങ്ങളെ കുരുതികൊടുക്കുന്ന ഒരു സര്‍ക്കാരിനെ കാണാന്‍ കഴിഞ്ഞിട്ടില്ല. ഇതില്പരം ലജ്ജിക്കാന്‍ നമുക്ക് എന്താണു വേണ്ടത്?!

ഇതിനിടയില്‍ ഇക്കഴിഞ്ഞ ആഴ്ച വിദ്യാഭ്യാസ വകുപ്പിന്റെ ഒരു ഉത്തരവു ശ്രദ്ധയില്‍പ്പെട്ടു. “പൊതു വിദ്യാഭ്യാസ വകുപ്പ് നിഷ്കര്‍ഷിക്കാത്ത പാഠപുസ്തകങ്ങള്‍ ഒഴികേ മറ്റൊന്നും വിദ്യാലയങ്ങളില്‍ നടപ്പാക്കാന്‍ പാടില്ല” എന്നതായിരുന്നു അത്. അതില്‍ തന്നെ ഒരു കാര്യം എടുത്തു പറഞ്ഞിരിക്കുന്നത് “ഗൈഡുകള്‍, സ്വകാര്യ ഏജന്‍സിയുടെ പ്രസിദ്ധീകരണങ്ങള്‍ എന്നിവ സ്കൂളുകളില്‍ വില്‍പ്പന നടത്തുന്നത് ‘നിലവിലുള്ള പാഠ്യപദ്ധതികൊണ്ട് ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍ പ്രാപ്തമാക്കാന്‍ കഴിയുകയില്ല’ എന്നതാണ്. ഇതില്‍ ലേഖകനുള്ള സന്ദേഹം ഈ “ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍” എന്താണ് എന്നുള്ളതാണ്. ഇതിനു ബദലായി എന്തു സംവിധാനമാണാവോ വിദ്യാഭ്യാസ വകുപ്പ് സ്കൂള്‍ തുറന്നതിനു ശേഷം വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയിട്ടുള്ളത്? പാഠപുസ്തകങ്ങളുടെ അഭാവത്തില്‍ മറ്റു പഠന സഹായികള്‍ ഉപയോഗിച്ച് കുട്ടികള്‍ പഠിക്കാനേ പാടില്ല എന്ന് ആര്‍ക്കാണ് ഇത്ര വാശി? എന്താണവരുടെ ലക്ഷ്യം?

ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള മലയാളികളുടെ അടക്കാനാവാത്ത അഭിനിവേശവും തുടര്‍ന്നുള്ള പ്രവര്‍ത്തികളുമാണല്ലോ തുടര്‍ന്നുള്ള ചര്‍ച്ചാ വിഷയം. മാതൃഭാഷയിലുള്ള ബോധനം പത്താം തരം വരെ ആവുകയും തുടര്‍ വിദ്യാഭ്യാസ മാദ്ധ്യമം ഇംഗ്ലീഷ് ആവുകയും ചെയ്യുമ്പോള്‍ തന്റെ കുട്ടി ഇംഗ്ലീഷ് വിദ്യാഭ്യാസത്തില്‍ പ്രാവീണ്യം നേടണമെന്ന് ഒരു രക്ഷിതാവു കരുതുന്നതില്‍ തെറ്റൊന്നുമില്ല. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കേ ഇത് വ്യക്തമായി അറിയുന്ന പൊതു വിദ്യാഭ്യാസ വകുപ്പ് ഇംഗ്ലീഷ് വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ എന്ത് “കോപ്പുക”ളാണ് പൊതു വിദ്യാലയങ്ങളില്‍ ഒരുക്കിയിരിക്കുന്നത്?! നിലവിലുള്ള അദ്ധ്യാപകരെല്ലാം കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ വിദഗ്ദ്ധരാണെന്ന് കരുതുന്നുണ്ടോ? ഇല്ലെന്നിരിക്കേ അതിനായി ഒരു പീരീഡും അദ്ധ്യാപക തസ്തികയും സൃഷ്ടിക്കുന്നതിന് എന്താണ് ഇവിടെ പ്രതിബന്ധം നില്‍ക്കുന്നത്? വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കു മൂലം അദ്ധ്യാപക ബാങ്കിലേക്ക് ചേക്കേറേണ്ടി വന്ന ആയിരക്കണക്കിന് യോഗ്യതയുള്ള തൊഴില്‍ രഹിതരായ അദ്ധ്യാപകര്‍ ഈച്ചയുമടിച്ച് ഇരിക്കുമ്പോള്‍ എന്തുകൊണ്ട് അവരെ ഈ തസ്തികയിലേക്ക് മതിയായ പരിശീലനം നല്‍കി ഉപയോഗിച്ചുകൂടാ?ഇനിയും ചിന്തിക്കാവുന്ന വിഷയമാണ് ഇത്.

സമ്പൂര്‍ണ്ണ എന്ന സോഫ്റ്റ്‌വെയറിലൂടെ അങ്ങു തലസ്ഥാനത്തിരുന്നു വിദ്യാഭ്യാസം നിയന്ത്രിക്കുന്ന നേതാവിനു എന്റര്‍ കീ ഒന്നു ഞെക്കിയാല്‍ 2015-16 ല്‍ കേരളത്തിലെ സംസ്ഥാന സിലബസ്സില്‍ പഠിക്കുന്ന കുട്ടികളുടെ ആകെ എണ്ണം ലഭിക്കും.അവരുടെ ഐ.റ്റി വിദഗ്ധരല്ലെ അവിടിരിക്കുന്നത്. ഒന്നാം ക്ലാസ്സില്‍ ചേരുന്ന കുട്ടികള്‍ക്കല്ലേ ഒരു ഊഹം വേണ്ടി വരുന്നത്. ഫെബ്രുവരിയില്‍ വിദ്യാഭ്യാസ വകുപ്പ് ഉറങ്ങുവാരുന്നോ? അടുത്ത അധ്യയന വര്‍ഷം കുട്ടികള്‍ക്ക് പുസ്തകം വേണമെന്ന് മന്ത്രിക്ക് അറിയില്ലാരുന്നോ? അവരുടെ ബന്ധുക്കളുടെ പിള്ളേര്‍ ഐ .സി. എസ്.സി സി.ബി.എസ്.സി സ്ക്കൂളുകളിലണല്ലോ മിക്കവാറും പഠിക്കുന്നത്. അവിടെ മാര്‍ച്ചില്‍ തന്നെ പുതിയ പുസ്തകം വന്നിട്ടുണ്ട്. അപ്പോള്‍പിന്നെ അവര്‍ക്കു വേവലാതി വേണ്ടല്ലോ! അയ്യോ അറിഞ്ഞില്ല ഇവിടെ കോരനാണു പഠിക്കുന്നത് ! അവനു കുമ്പിളില്‍ തന്നെ കഞ്ഞി കൊടുത്താല്‍ മതിയല്ലോ?ആരു ചോദിക്കാന്‍ ? വിഢിയാണല്ലോ അവന്‍. കാണാന്‍ കൊള്ളവുന്ന മൊയലാളിമാര്‍ വന്നു പറഞ്ഞാല്‍ അവന്‍ ഇനിയും വോട്ടു കുത്തും. അവരുടെ മക്കളൊക്കെ മൊബൈല്‍ ടവര്‍ നിര്‍മ്മിക്കാനും അതിന്റെ ട്രാന്‍സ്പോണ്ടറിന്റെ പ്രോഗ്രാം ചെയ്യാനും പഠിക്കട്ടെ. ഞമ്മടെ മക്കള് അതിന്റെ കേബിള്‍ വലിക്കാന്‍ കുഴിയെടുക്കട്ടെ. ഒരടി വീതിയിലുള്ള ബല്യ നീളത്തിലുള്ള ഇമ്മിണി ചെറിയ കുയി.അയിനും ആളു ബേണ്ടേ!. ഇത്ര മാത്രം പൊതുമക്കളുടെ വിദ്യാഭ്യാസത്തില്‍ ഉത്തരവാദിത്തമില്ലാത്ത ഒരു ഭരണകൂടത്തെ മുമ്പെങ്ങും കണ്ടിട്ടേയില്ല. കഴിഞ്ഞ നാലു വര്‍ഷവും ജൂണ്‍ മാസങ്ങളിലേ പുസ്തകം സ്കൂളുകളില്‍ എത്തിയിട്ടുള്ളൂ. ഒന്നാം ക്ലാസിലെ ഒന്നാം ഭാഗം തന്നെ തന്നെ ഭാരിച്ച സിലബസ്സാണു. 5 വയസ്സ് പൂര്‍ത്തിയാകുന്ന കുഞ്ഞിന് എന്തിനിത്രയും പഠിക്കണം? ഏഴാം ക്ലാസ്സിലെ ഇംഗ്ലീഷ് പുസ്തകം കുട്ടിയുടെ പ്രകൃതത്തിനനുസരിച്ചാണോ? ഏം.എ ലിട്രേച്ചറുകാരന്‍ പോലും നിന്നു വിയര്‍ക്കും. ഇതെല്ലാം പോകട്ടെ എന്നു വെയ്ക്കാം. കഴിഞ്ഞ വര്‍ഷം മാറിയ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ലാസ്സുകളിലെ കിട്ടാത്ത പുസ്തകങ്ങള്‍ ഒരു ഫോട്ടോ കോപ്പി എടുക്കാന്‍ നെറ്റില്‍ നോക്കിയാല്‍ പുസ്തക നിര്‍മ്മാണ ബുദ്ധിജീവികളുടെ കൂടാരമായ എസ്.ഇ.ആര്‍.ടിയുടെ സൈറ്റില് (ഏതു ഭരണമായാലും അവരുടെ ചുമടു താങ്ങുന്ന അധ്യാപക സംഘടനകളുടെ പിണിയാളുകള്‍ കൂടിയിരുന്നു പുസ്തകം സൃഷ്ടിക്കുന്ന സങ്കേതം) ആ ക്ലാസ്സിലെ പുസ്തകം ഇല്ല. പകരം അധ്യാപക സഹായി ഉണ്ട്. കുട്ടി അതു പഠിച്ചാല്‍ മതി. ആര്‍ക്കു വേണ്ടിയാണു അതു പിന്‍ വലിച്ചത്? ആര്‍ക്കാണു പൊതു വിദ്യാഭ്യാസം പൊളിച്ചടുക്കേണ്ടത്? കേന്ദ്ര സിലബസ്സ് പഠിപ്പിക്കുന്ന വല്യവന്റെ മക്കള്‍ക്കായി ഓരോ ജാതിയും മതവും പങ്കു മേടിച്ചു സ്ഥാപിച്ചിരിക്കുന്ന മതപ്പേരിലുള്ള ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകളെ പോഷിപ്പിക്കാനുള്ള ഗീബല്‍‌സ് തന്ത്രമല്ലേ ഇത്. അത്താഴപ്പട്ടിണിക്കാരന്റെ നെഞ്ചത്ത് കോടാലി വെച്ച് പതുക്കെ മാസം തോറും വീട്ടില്‍ വന്ന് ഓര്‍ഡര്‍ എടുത്തു കൊണ്ടു പോകുന്ന ഗൈഡ് ലോബിക്കു വേണ്ടിയല്ലേ ഇത്? കോട്ടയത്തും , ഏറണാകുളത്തും, കോഴിക്കോട്ടും, തിരുവനന്തപുരത്തും എട്ടുനില കെട്ടിടങ്ങളായി മാറിയ ഗൈഡു പുസ്തക ലോബികള്‍ക്കായല്ലേ ഇത്? അധ്യാപകരും കുട്ടികളും പുസ്തകത്തിനു വേണ്ടിയുള്ള സമരത്തില്‍ സര്‍വ്വത്മനാ സഹകരിക്കാനുള്ള മനസു തോന്നിച്ചതും ഈ ചിന്തകള്‍ കൊണ്ടല്ലേ!.ഇത്രയും നാളും അന്തസ്സോടെ മലയാളികള്‍ നെഞ്ചിലേറ്റി നടന്നിരുന്ന പത്താം ക്ലാസ്സ് സര്‍ട്ടിഫിക്കേറ്റിനു രണ്ടു വട്ടം റിസള്‍ട്ടു പ്രഖ്യാപിച്ച് അതിന്റെ അന്തസ്സു കളഞ്ഞു കുളിച്ചതും, പുസ്തകങ്ങള്‍ കൃത്യസമയത്തു കുട്ടികള്‍ക്കു നല്‍കാതിരുന്നതും,ക ലാവിദ്യാഭ്യാസത്തിനു എട്ടു പീരീഡാക്കി അധ്യാപകനെ പേരിനു പോലും നിയമിക്കാതെ കലാ കായിക വിദ്യാഭ്യാസ അധ്യാപക സഹായി അച്ചടിച്ചു പള്ളിക്കൂടങ്ങളിലെ അലമാരകള്‍ക്കുള്ളില്‍ അധ്യാപകര്‍ പോലും കാണാതെ വെച്ചിട്ടുള്ളതും എന്തിനു വേണ്ടി. ഉളുപ്പില്ലേ? അഞ്ഞൂറു രൂപ ദിവസ വരുമാനമുള്ള ഒരു സാധാരണക്കാരനായ വിദ്യാസമ്പന്നനല്ലാത്ത ഒരു രക്ഷിതാവ് തന്റെ കുട്ടിയെ, പുസ്തകം കൃത്യമായി കിട്ടുന്ന, നല്ല ഉടുപ്പിടുന്ന, വണ്ടിയുള്ള ചറു പറെ ഇംഗ്ലീഷ് സംസാരിപ്പിക്കാന്‍ കഴിവുണ്ടെന്നു പരസ്യം ചെയ്യുന്ന സ്ക്കൂളിലേക്ക് ( പൊതു വിദ്യാഭ്യാസം വിട്ട്) ചേക്കേറാന്‍ പ്രേരിപ്പിക്കുന്ന ഒടുക്കത്തെ സ്വകാര്യ മുതലാളിത്ത തന്ത്രമല്ലേ ഇത്? “ഞങ്ങളായിട്ട് ഒന്നും അടച്ചു പൂട്ടുന്നില്ല, തനിയേ നിന്നു പോകട്ടേ…” എന്നതാണ് സര്‍ക്കാരിന്റെ യഥാര്‍ത്ഥത്തിലുള്ള കുറുക്കന്‍ സമീപനം!

പഠന നിലവാര പരിശോധന

നിലവില്‍ സമൂഹം ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണല്ലോ സംസ്ഥാന സിലബസില്‍ പഠിക്കുന്നവരുടെ പഠന നിലവാരത്തകര്‍ച്ച (കേന്ദ്രീയ സിലബസിലെ പഠന നിലവാരത്തകര്‍ച്ചയെക്കുറിച്ച് എവിടെയും ഒളിഞ്ഞു നോക്കാന്‍ വ്യഗ്രത കാട്ടുന്ന മാദ്ധ്യമങ്ങളോ സര്‍ക്കാരോ മൗനം പാലിക്കുകയാണ് പൊതുവേ). പഠന നിലവാരം പരിശോധിക്കേണ്ട ഉദ്യോഗസ്ഥരുടെ തിരഞ്ഞെടുപ്പുതന്നെ അത്രയ്ക്ക് അശാസ്ത്രീയമായാണ് കേരളത്തില്‍ നടപ്പാക്കുന്നത്. ഉപജില്ലാ വിദ്യാഭ്യാസ ആപ്പീസര്‍ മുതല്‍ പ്രമോഷന്‍ ലഭിച്ച് ജില്ലാ വിദ്യാഭ്യാസ ഉപ ഡിറക്ടര്‍ വരെ എത്തിച്ചേരുന്നവരുടെ വിദ്യാഭ്യാസ യോഗ്യത പരിഗണിക്കുമ്പോള്‍ നമുക്ക് ഇത് മനസ്സിലാക്കാന്‍ സാധിക്കും. ഏതെങ്കിലും ഒരു വിഷയത്തില്‍ മാത്രം ബിരുദവും B.Ed ഉം കടന്ന് ഹൈസ്കൂള്‍ തലത്തില്‍ പഠിപ്പിച്ചു വരുന്ന അദ്ധ്യാപകരാണ് ഈ തസ്തികകളില്‍ നിയമിതരാകുന്നത്. പഠിക്കുന്ന കാലങ്ങളിലോ പഠിപ്പിക്കുന്ന കാലങ്ങളിലോ ഇവര്‍ ഒരിക്കല്‍പ്പോലും പ്രൈമറി ക്‌ളാസുകളില്‍ കടന്നു ചെന്നിട്ടുള്ളവരാകില്ല. പ്രൈമറിക്‌ളാസുകളിലെ പഠന ബോധന തന്ത്രങ്ങളെക്കുറിച്ചോ പഠനരീതിയെക്കുറിച്ചോ എന്തിനു പാഠ്യപദ്ധതിയോ പാഠപുസ്തകമോ പോലും ഇവര്‍ കണ്ട്ടിട്ടുള്ളവരാകില്ല. ഇത്തരം അദ്ധ്യാപകരാണ് പ്രൈമറി ക്‌ളാസുകള്‍ പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള മേലധികാരികള്‍. എത്ര വിചിത്രം! വിദ്യാലയ പരിശോധനാ സമയത്ത് ഇവര്‍ക്ക് എന്ത് നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളുമാകാം കൊടുക്കാന്‍ കഴിയുക?മാത്രമല്ല വര്‍ഷത്തില്‍ ഒരിക്കല്‍പ്പോലും ഇവര്‍ പരിശോധിക്കാത്ത വിദ്യാലയങ്ങളുമുണ്ട്. കുട്ടികളുടെ തലയെണ്ണല്‍ അല്ലാതെ ഇവരില്‍ മിക്കവര്‍ക്കും മറ്റൊന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ലോകത്ത് ഇങ്ങനെയൊക്കെ എവിടെ നടക്കും?! രസതന്ത്രമോ ഇംഗ്ലീഷോ ഐച്ഛിക വിഷയമായെടുത്ത് ബിരുദാനന്തര ബിരുദം വരെ നേടിയ ഒരു ഉപജില്ലാ ഓഫീസര്‍ 1, 2 ക്‌ളാസുകളിലെ ഉദ്ഗ്രഥിത പഠന രീതി എങ്ങനെ വിലയിരുത്തും?ചുരുക്കം പറഞ്ഞാല്‍ മലയാളം അദ്ധ്യാപകനെ കന്നട പദ്യം ചൊല്ലലിനു മാര്‍ക്കിടാന്‍ ഇരുത്തിയാലുള്ള അവസ്ഥ തന്നെ ഇതും! മെക്കാളെയുടെ പ്രേതം കേരള വിദ്യാഭ്യാസ രംഗത്തെ KER ഇന്റെ രൂപത്തില്‍ ഇപ്പോഴും പിന്തുടരുന്നു..!!!

2) ഭൗതിക തലം

അക്കാദമിക കാര്യം പോലെതന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഭൗതിക സാഹചര്യം ഒരുക്കലും. എന്നാല്‍ വിസ്താര ഭയത്താല്‍ അത് മറ്റൊരു അവസരത്തില്‍ പറയാം എന്നു കരുതുന്നു.

എങ്ങനെയാണ് ഇങ്ങനെ വഴിവിട്ടു നടക്കുന്ന “വിദ്യാഭാസ”ത്തെ ശരിയായ വിദ്യാഭ്യാസത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കഴിയുക. വളരെ ഗൗരവത്തോടും അടിയന്തര പ്രാധാന്യത്തോടും ആലോചിക്കേണ്ട ഒരു വിഷയമാണിത്. മാറ്റം പ്രീ പ്രൈമറി മുതല്‍ ആരംഭിക്കേണ്ടതായുണ്ട്.

1) എല്ലാ സര്‍ക്കാര്‍ സ്കൂളുകളോടുമൊപ്പം ശിശുസൗഹൃദവും മികച്ച പഠനാന്തരീക്ഷവുമുള്ള ഒരു പ്രീ-പ്രൈമറി ഉണ്ടാകണം. കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസത്തിനുതകുന്ന ആധുനിക രീതിയിലുള്ള എല്ലാ സജ്ജീകരണങ്ങളും ഇവിടെയുണ്ടാകണം

2) ഈ പ്രീ-പ്രൈമറികളുടെ തുടര്‍ച്ചയാകണം പ്രൈമറി ക്‌ളാസുകള്‍. സമാനമായ അന്തരീക്ഷം ഇവിടെയും ഒരുക്കേണ്ടതായുണ്ട്. വായനയെ പരിപോഷിപ്പിക്കുവാന്‍ ഉള്ള ലൈബ്രറികള്‍ കുട്ടികളുടെ പ്രായത്തിനനുസരിച്ച് സജ്ജമാക്കണം

3) പ്രൈമറി ക്‌ളാസുകളിലെ അദ്ധ്യാപകര്‍ വിവര സാങ്കേതിക വിദ്യയില്‍ പ്രവീണരാണെന്ന് ഉറപ്പു വരുത്തണം. അവര്‍ക്ക് മതിയായ പരിശീലനങ്ങള്‍ നല്‍കി IT മേഖലയിലെ അവരുടെ കഴിവുകള്‍ അക്കാദമിക വര്‍ഷത്തിന്റെ ഇടവേളകളില്‍ മൂല്യനിര്‍ണ്ണയം നടത്തുകയും മതിയായ ഗ്രേഡ് ലഭിക്കാത്തവര്‍ക്ക് തുടര്‍ പരിശീലനം നല്‍കുകയും വേണം.

4) പ്രഥമാദ്ധ്യാപകരെ നിര്‍ബന്ധമായും ക്‌ളാസ് ചാര്‍ജുകളില്‍ നിന്നും ഒഴിവാക്കണം. മറ്റ് അദ്ധ്യാപകരുടെ അദ്ധ്യാപനം ഫലപ്രദമായി നിരീക്ഷിക്കാനും മൂല്യ നിര്‍ണ്ണയം നടത്തി മാസത്തിലൊരിക്കല്‍ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുവാനുമുള്ള അവസരം അവര്‍ക്ക് നല്‍കണം. പ്രഥമാദ്ധ്യാപകരേയും ഇത്തരത്തില്‍ നിരീക്ഷിക്കാനുള്ള പരിശീലനങ്ങള്‍ ബി.ആര്‍.സി / ഡയറ്റ് മുതലായ സ്ഥാപനങ്ങളില്‍ വച്ച് നടത്തണം.

5) പ്രൈമറി ക്‌ളാസുകളില്‍ പഠിപ്പിക്കാന്‍ യോഗ്യത നേടിയ പരിചയ സമ്പന്നരായ അദ്ധ്യാപകരാകണം ആ ക്‌ളാസുകള്‍ പരിശോധിക്കാന്‍ അധികാരപ്പെട്ട ഉപ ജില്ലാ ഓഫീസര്‍. ഒരു വിദ്യാഭ്യാസ വര്‍ഷത്തിലെ മൂന്നു ടേമുകളിലും ഈ ഓഫീസര്‍മാര്‍ സ്കൂളുകള്‍ പരിശോധിക്കണം

6) കലാ-കായിക-ആരോഗ്യ വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‍കണം. അതിനായി നിലവിലുള്ള അദ്ധ്യാപകര്‍ക്ക് അവധിക്കാല ക്‌ളാസുകള്‍ സംഘടിപ്പിക്കണം

7) പാഠ്യപദ്ധതി വിനിമയത്തിനുതകുന്ന എല്ലാ മറ്റ് സജ്ജീകരണങ്ങളും സ്കൂളുകളില്‍ ഒരുക്കിയിരിക്കണം

8) വാര്‍ഷികപ്പരീക്ഷയോടനുബന്ധിച്ചു തന്നെ അടുത്ത അദ്ധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളും യൂണീഫോമുകളും അദ്ധ്യാപക സഹായികളും വിതരണം ചെയ്യണം.

9) കുറവു വരുന്ന അദ്ധ്യയന ദിവസങ്ങള്‍ക്ക് തുല്യമായി സാദ്ധ്യായ ദിവസങ്ങള്‍ കണ്ടെത്തി പഠനപ്രവര്‍ത്തനങ്ങളുറ്റെ തുടര്‍ച്ച ഉറപ്പു വരുത്തണം.

10) എസ്.എം.സി യുടെ ദ്വൈമാസ പരിശോധന ശക്തമാക്കുകയും കൃത്യമായി യോഗം ചേര്‍ന്ന് അവലോകനം നടത്തുകയും വീഴ്ച വന്നിട്ടുണ്ടെങ്കില്‍ അധികാരികളെ അറിയിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുകയും വേണം. സര്‍ക്കാര്‍ സ്കൂളുകളിലേപ്പോലെ തന്നെ വിപുലമായ അധികാരങ്ങളുള്ള എസ്.എം.സി കള്‍ എയ്ഡഡ്, അണ്‍-എയ്ഡഡ് സ്കൂളുകളിലും ഏര്‍പ്പെടുത്തുക.

11) അദ്ധ്യാപന ശേഷി തുലോം കുറവാണെന്ന് കണ്ടെത്തുന്ന അദ്ധ്യാപകരെ തുടര്‍ച്ചയായ പരിശീലനത്തിനു വിടുകയോ വിദ്യാഭ്യാസ വകുപ്പിന്റെ മറ്റേതെങ്കിലും തസ്തികകളിലേക്ക് മാറ്റി നിയമിക്കുകയോ ചെയ്യുക.

12) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വിവിധ വിഷയത്തില്‍ അവഗാഹം നേടിയവരെ സര്‍വ്വേയിലൂടെ കണ്ടെത്തുകയും അവരെ പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയും ചെയ്യുക.

13) പൊതു സമൂഹത്തെ വിദ്യാലയത്തിന്റെ സുഗമമായ നടത്തില്‍ പങ്കാളികളാക്കുകയും ജാഗ്രതാ സമിതികള്‍ പോലുള്ള ജനകീയ കൂട്ടായ്മ രൂപീകരിക്കുകയും ചെയ്യുക.

14) അദ്ധ്യാപന രംഗത്ത് മികവു പുലര്‍ത്തുന്നവര്‍ക്ക് ഇന്‍സന്റീവുകള്‍ നല്‍കി ആദരിക്കുക. അത് മറ്റ് അദ്ധ്യാപകര്‍ക്ക് പ്രചോദനമാകാന്‍ സഹായകമാകും.

15) സ്കൂളുകളില്‍ പ്യൂണ്‍ തസ്തിക ഇല്ലാത്തതിനാല്‍ നിലവിലുള്ള PTCM ന്റെ ജോലിസമയം ഫുള്‍ ടൈം ആക്കുകയും സ്കൂള്‍ ശുചിത്വ കാര്യത്തില്‍ ഇവരുടെ പ്രവൃത്തി ഉറപ്പുവരുത്തുക.

16) കതിരിനും പതിരിനും കൊള്ളാത്തവരെ വിദ്യാഭ്യാസ മന്ത്രിയാക്കി നിയമിക്കാതിരിക്കാന്‍ പ്രബുദ്ധതയുള്ള രാഷ്ട്രീയ കക്ഷികള്‍ ശ്രദ്ധ പുലര്‍ത്തുക.

ഒരു പക്ഷേ കൈക്കൂലിക്ക് ഇടമില്ലാത്ത ഒരേയൊരു സര്‍ക്കാര്‍ സ്ഥാപനം സ്കൂളുകള്‍ ആയിരിക്കും, അതേ പോലെ തന്നെ കിമ്പളം വാങ്ങിക്കാത്ത ഉദ്യോഗസ്ഥര്‍ ഉള്ള ഇടവും. എങ്കിലും ഈ സര്‍ക്കാര്‍ സ്ഥാപനത്തോട് സര്‍ക്കാരിനു തന്നെ തീരെ താല്‍പ്പര്യമില്ല എന്നതാണ് സത്യം. പിന്നെ എങ്ങനെ ജനങ്ങള്‍ക്കുണ്ടാകും. അത്യന്തം ആത്മാര്‍ത്ഥതയോടെ കുട്ടികളുടെ വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്ന പതിനായിരങ്ങള്‍ പണിയെടുക്കുന്ന ഈ മേഖലയെ സര്‍ക്കാരുകള്‍ തന്നെ തകര്‍ത്തു എന്നു പറയുന്നതാകും ശരി. പിടിപ്പുകേടിന്റേയും സ്വജന പക്ഷപാതത്തിന്റേയും കൈയിട്ടു വാരലിന്റേയും മേഖലയായി ഇന്ന് വിദ്യാഭ്യാസ വകുപ്പ് അധപ്പതിച്ചിരിക്കുന്നു. ആര്‍ക്കും ആരോടും പ്രതിബദ്ധതയോ ചുമതലയോ ഉത്തരവാദിത്തമോ ഇല്ലാത്ത അവസ്ഥ. ഒരു പുതിയ സമൂഹത്തെ വാര്‍ത്തെടുക്കേണ്ട കലാലയങ്ങളിലെ പാഠ്യ സംബന്ധിയായ കാര്യങ്ങള്‍ എത്ര നിസ്സാരമായാണ് ഇവര്‍ കൈകാര്യം ചെയ്യുന്നതെന്നതിന്റെ സമീപകാല ചരിത്രങ്ങള്‍ ഇനിയും വിവരിക്കേണ്ടല്ലോ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചിലവഴിക്കുന്ന കോടാനു കോടികള്‍ക്ക് ഒരു ഫലവും ഇല്ലാതാകുന്നു. നാഥനില്ലാത്ത കളരിയായി മാറുന്നു ആധുനിക വിദ്യാഭ്യാസ രംഗം. പാഠ പുസ്തകങ്ങള്‍ എന്നു കിട്ടുമെന്നോ എങ്ങനെ കിട്ടുമെന്നോ നിശ്ചയമില്ലാത്ത അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളും… എവിടെ അടി തുടങ്ങണമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ലാത്ത വിദ്യാഭ്യാസ വകുപ്പ്..! സാക്ഷര കേരളം എന്ന് പറയുന്നതു തന്നെ നാണക്കേടാവുന്ന അവസ്ഥ. ആയിരക്കണക്കിനു കുട്ടികളുടെ ഭാവിയിട്ട് അമ്മാനമാടുന്ന ഇത്തരം കാപട്യങ്ങളെ നേതാക്കള്‍ എന്നും ജനനായകരെന്നും വിളിക്കാന്‍ ഉളുമ്പില്ലാത്ത പൊതുജനമെന്ന കഴുതകള്‍…!!! ഈ നാടു നന്നാകുമെന്ന് തോന്നുന്നില്ല. നന്നാകണമെങ്കില്‍ ഇവിടുത്തെ പേരിനു മാത്രം ‘പ്രബുദ്ധത’ ഉള്ള ജനങ്ങള്‍ ചിന്തിച്ചു തുടങ്ങണം. ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തമാകണം. മത-ജാതി-രാഷ്ട്രീയ നിലപാടുകള്‍ക്കതീതമായി തീരുമാനങ്ങള്‍ കൈക്കൊള്ളണം. പക്ഷേ അങ്ങനെയൊന്നും ഇവിടുണ്ടാകാനുള്ള സാദ്ധ്യത ഇല്ലാത്തതിനാല്‍ ഇത്തരം കള്ളനാണയങ്ങള്‍ വീണ്ടും അധികാരത്തിലെത്തുകയും അത്താഴപ്പട്ടിണിക്കാരന്റെ കുട്ടികള്‍ക്ക് പുസ്തകങ്ങളും ഉച്ചഭക്ഷണവും നിഷേധിക്കുകയും വേണ്ടപ്പെട്ടവര്‍ക്ക് തടിച്ചു കൊഴുക്കാനുള്ള അവസരമുണ്ടാക്കിക്കൊടുക്കുകയും ചെയ്യും. എല്ലാം വിധിയെന്നു കരുതി ഇത് അനുഭവിക്കുക എന്നതു മാത്രമേയുള്ളൂ ഒരു പോംവഴി.