Select Page

കേരളത്തിൽ നഴ്‌സറി വിദ്യാഭ്യാസത്തെ പ്രാഥമിക വിദ്യാഭ്യാസമായി പരിഗണിക്കുന്നില്ല. പ്രാഥമിക വിദ്യാഭ്യാസത്തിനു മുൻപുള്ളത്‌ എന്ന അർഥത്തിൽ പ്രീപ്രൈമറി എന്നാണ്‌ പറയുന്നത്‌. ലോകത്തിൽ വ്യത്യസ്‌ത പ്രദേശങ്ങളിൽ വ്യത്യസ്‌ത കാലയളവുകളെ പ്രൈമറി വിദ്യാഭ്യാസമായി പരിഗണിക്കുന്നുണ്ടെങ്കിലും പൊതുവേ ഒന്നാം ക്ലാസുമുതൽ എട്ടാം ക്ലാസുവരെയുള്ള വിദ്യാഭ്യാസത്തെയാണ് പ്രൈമറി വിദ്യാഭ്യാസം എന്നു വിവക്ഷിക്കുന്നത്. ഇന്ത്യയിൽ തന്നെ വ്യത്യസ്‌ത സംസ്ഥാനങ്ങളിൽ വ്യത്യസ്‌തമായിട്ടാണ്‌ ഈ ഘട്ടം ക്രമീകരിച്ചിരിക്കുന്നത്‌.

ഒന്നാം ക്ലാസുമുതൽ അഞ്ചാംക്ലാസുവരെ ലോവർ പ്രൈമറിയും ആറാംക്ലാസു മുതൽ എട്ടാം ക്ലാസുവരെ അപ്പർപ്രൈമറിയും എന്നതാണ് മിക്ക സംസ്ഥാനങ്ങളും കേന്ദ്രഗവൺമെന്റും അംഗീകരിച്ചിരിക്കുന്ന ഘടന. എന്നാൽ കേരളത്തിൽ ഈ ഘട്ടങ്ങൾ യഥാക്രമം ഒന്നുമുതൽ നാലുവരെയും അഞ്ചു മുതൽ ഏഴു വരെയുമാണ്‌. 2009 ൽ കേന്ദ്രഗവൺമെന്റ്‌ അംഗീകരിച്ച വിദ്യാഭ്യാസ അവകാശനിയമത്തിന്റെ പാശ്ചാത്തലത്തിൽ കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസവും ആദ്യത്തെ രീതിയിലേക്ക്‌ മാറേണ്ടിവരും എന്നാണ് കരുതപ്പെടുന്നത്‌.

ഘടന

നിലവിലുള്ള(2011) സംവിധാനം അനുസരിച്ച്‌ അഞ്ചു വയസ്സ്‌ പൂർത്തിയാകുന്ന കുട്ടിയെ ഒന്നാം ക്ലാസിൽ ചേർക്കുന്നു. സാധാരണ സാഹചര്യത്തിൽ അദ്ധ്യയന വർഷാരംഭത്തിലെ ആദ്യ അഞ്ചു പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ കുട്ടിയെ സ്‌ക്കൂളിൽ പ്രവേശിപ്പിക്കണം. കേരളത്തൽ അഞ്ചു തരത്തിലുള്ള വിദ്യാലയങ്ങൾ നിലവിലുണ്ട്‌.

  1. ഗവൺമെന്റ്‌ സ്‌ക്കൂളുകൾ.ഇവ പൂർണ്ണമായും ഗവൺമെന്റ്‌ സ്ഥാപനങ്ങളാണ്‌.
  2. എയിഡഡ്‌ സ്‌ക്കൂളുകൾ. ഇവയുടെ സ്ഥലം, കെട്ടിടം, ഉപകരണങ്ങൾ എന്നിവ സ്വകാര്യവ്യക്തികളുടേതോ സ്ഥാപനങ്ങളുടേതോ ആയിരിക്കും. ഇദ്ദേഹമോ ഇദ്ദേഹം നിർദ്ദേശിക്കുന്ന ആളോ ആയിരിക്കും സ്‌ക്കൂൾ മാനേജർ. (ഗവൺമെന്റു തീരുമാനത്തിനു വിധേയമായി).ഗവൺമെന്റു തീരുമാനത്തിനു വിധേയമായി സ്‌ക്കൂളിലെ ജീവനക്കാരെ നിയമിക്കാനും സ്ഥലം മാറ്റാനും സസ്‌പെന്റുചെയ്യാനും ഉള്ള അധികാരം മാനേജർക്ക്‌ ഉണ്ട്‌. ഇത്രയും വസ്‌തുതകൾ ഒഴിച്ചാൽ ഗവൺമെന്റ്‌ എയിഡഡ്‌ സ്‌ക്കൂളുകൾ തമ്മിൽ കാര്യമായ വ്യത്യാസങ്ങളില്ല.(പൊതു വിദ്യാലയങ്ങൾഎന്നു പരാമർസിക്കുന്നത് ഈ രണ്ടു വിഭാഗത്തേയും ഉദ്ദേശിച്ചാണ്)
  3. റെക്കഗ്നൈസ്‌ഡ്‌ സ്‌ക്കൂളുകൾ(അൺ എയിഡഡ്‌ സ്‌ക്കൂളുകൾ). നിശ്ചിത നിബന്ധനകൾക്കു വിധേയമായി ഗവൺമെന്റ്‌ അനുമതിയോടുകൂടി പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളാണിവ. അക്കാഡമിക്‌ കാര്യങ്ങളിലൊഴികെ ഒരു കാര്യത്തിലും ഈ സ്‌ക്കൂളുകളിൽ ഗവൺമെന്റ്‌ നിയന്ത്രണം ഉണ്ടായിരിക്കുകയില്ല.
  4. കേന്ദ്രഗവൺമെന്റ്‌ നിയമങ്ങൾക്കു വിധേയമായി പ്രവർത്തിക്കുന്നവ. കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ സ്കൂളുകൾ, എൻ. സി. ഇ. ആർ. ടി. സിലബസ്‌ പിന്തുടരുന്ന മറ്റ് സ്കൂളുകൾ തുടങ്ങിയവ
  5. അനംഗീകൃത സ്‌ക്കൂളുകൾ. ഗവൺമെന്റ്‌ അംഗീകാരം ലഭിക്കും എന്ന പ്രതീക്ഷയിൽ നിലവിൽ അംഗീകാരം ഇല്ലാതെ പ്രവർത്തിക്കുന്ന സ്‌ക്കൂളുകൾ ആണിവ. ഗവൺമെന്റ്‌ ഇത്തരം സ്‌ക്കൂളുകളുടെ സാന്നിധ്യം തന്നെ അറിയുന്നില്ല.

ഭരണസംവിധാനം

സ്‌ക്കൂളുകളിലെ പ്രധാന അധികാരി ഹെഡ്‌മാസ്റ്ററാണ്. സ്ക്കൂളിലെ ഭരണപരവും പഠനപരവുമായ എല്ലാകാര്യങ്ങളുടേയും നേതൃത്വവും നിയന്ത്രണവും അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ്‌. പ്രൈമറി സ്‌ക്കൂൾ അധ്യാപകർ തന്നെയാണ്‌ മാനദണ്‌ഡങ്ങൾക്കനുസരിച്ച്‌ (മുഖ്യമായും സർവ്വീസ്‌ ദൈർഘ്യം)പ്രധമാധ്യാപകരായി നിയമിക്കപ്പെടുന്നത്‌.

കുറേ പ്രൈമറി സ്‌ക്കൂളുകൾ ഉൾപ്പെടുന്ന ഒരു പ്രദേശം വിദ്യാഭ്യാസ ഉപജില്ല എന്ന്‌ അറിയപ്പെടുന്നു.സ്‌ക്കൂളുകളുടെ എണ്ണവും സ്ഥലത്തിന്റെ വിസ്‌തൃതിയും ഓരോ പ്രദേശത്തും വ്യത്യസ്‌തമായിരിക്കും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആയിരിക്കും ഓരോ ഉപജില്ലയിലും അധികാരി. സ്ഥലം മാറി വരുന്ന ഹൈസ്‌ക്കൂൾ ഹെഡ്‌മാസ്റ്ററോ, സ്ഥാനക്കയറ്റം കിട്ടിയ ഹൈസ്‌ക്കൂൾ അധ്യാപകനോ ആയിരിക്കും ഇത്. ഇദ്ദേഹത്തിന്‌ സ്വന്തമായി ഒരു ഓഫീസും അവിടെ സീനിയർ സൂപ്രണ്ടുമുതൽ താഴോട്ടുള്ള ഉദ്യോഗസ്ഥരും ഉണ്ടായിരിക്കും.

പല വിദ്യാഭ്യാസ ഉപജില്ലകൾ ചേർത്ത് വിദ്യാഭ്യാസ ജില്ല രൂപീകരിക്കുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ എന്ന ഡി. ഇ. ഒ. ആണ് വിദ്യാഭ്യാസ ജില്ലയിലെ അധികാരി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് പ്രൈമറി സ്ക്കൂളുകളുടെ മാത്രം മേലധികാരം ഉണ്ടായിരിക്കുന്പോൾ ഡി ഇ ഓ മാർ ഹൈസ്ക്കൂളുകളുടെ കൂടി മേലധികാരികളാണ്. ജില്ലയിലെ മുഴുവൻ ഹൈസ്ക്കൂളുകളുടേയും ഉപജില്ലാ ഓഫീസുകളുടേയും മേലന്വേഷണം ഡി ഇ ഒ യുടെ ചുമതലയാണ്. എ ഇ ഓ, ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ എന്നിവരുടെ സ്ഥാനക്കയറ്റത്തിലൂടെയാണ് ഡി. ഇ. ഒ. പദവി നികത്തപ്പെടുന്നത്. ഇദ്ദേഹത്തിൻറെ ഓഫീസിൽ പി.എ മുതലുള്ള ഉദ്യോഗസ്ഥരുണ്ടാകും.

ഒരു റവന്യൂ ജില്ലയിൽ പല വിദ്യാഭ്യാസ ജില്ലകൾ ഉണ്ടാകും. റവന്യൂജില്ലയിലെ വിദ്യാഭ്യാസ അധികാരി (ഹൈസ്ക്കൂൾ വരെ) വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്റ്റർ ആണ്. ഡി ഇ ഓ മാർ ഉദ്യോഗക്കയറ്റത്തിലൂടെ ഡി ഡി ഇ ആകുന്നു. ഡപ്യൂട്ടി ഡയറക്റ്റർ ഓഫീസിൽ അഡ്മിനിസേറ്റ്രേറ്റീവ് അസിസിറ്റൻറു മുതൽ നിരവധി ഉദ്യോഗസ്ഥർ ഡി ഡി യെ സഹായിക്കാൻ ഉണ്ട്.

ഡി ഡി ഇ കഴിഞ്ഞാൽ സംസ്ഥാന തലത്തിൽ ഡയറക്റ്റർ ഓഫ് പബ്ലിക്ക് ഇൻശ്റ്റ്രക്ഷൻസ് എന്ന ഡി പി ഐ തുടങ്ങി പല ഉന്നത ഉദ്യോഗസ്ഥരും ഉണ്ട്.ഏറ്റവും തലപ്പത്ത് വിദ്യാഭ്യാസ മന്ത്രിയും.