Select Page

                               രോഗങ്ങളില്ലാത്ത അവസ്ഥയെയാണ്‌ സാമാന്യേന ആരോഗ്യം എന്നതു കൊണ്ടുദ്ദേശിച്ചുപോന്നിരുന്നത്. എന്നാൽ 1948ലെ ലോക ഹെൽത്ത് അസംബ്ലിയുടെ നിർവചനപ്രകാരം രോഗ,വൈകല്യരാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ്ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി (well being) കൂടി ആണു ആരോഗ്യം[1][2]. ഈ നിർവചനമാണ്‌ ഇന്ന് പൊതുവേ സ്വീകാര്യമായുള്ളത്. ഈ നിർവചനത്തോട് ലോകാരോഗ്യസംഘടനയുടെ 1986ലെ ഒട്ടാവ ചാർട്ടർ ഫോർ ഹെൽത്ത് പ്രൊമോഷന്റെ നിർവചനം കൂടി കൂട്ടിവായിക്കാറുണ്ട് :ആരോഗ്യം സമ്പൂർണ്ണ ദൈനംദിന ജീവിതത്തിനുള്ള ഒരുപാധിയാണ്‌, നിലനില്പിനായി മാത്രമുള്ളതല്ല. ആരോഗ്യം എന്നത് ശാരീരികശേഷിയിലും സാമൂഹിക വ്യക്തിപരമായ ഉപാധികൾക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള സാക്ഷാത്തായ ഒരു സംഗതിയുമാണ്‌.

പാരമ്പര്യവും പരിതഃസ്ഥിതിയുമാണ് ആരോഗ്യത്തിനു നിദാനമായ ഘടകങ്ങൾ. ഭൌതീക പരിതഃസ്ഥിതി, സാമൂഹ്യ പരിതഃസ്ഥിതി, ജൈവ പരിതഃസ്ഥിതി എന്ന് പരിതഃസ്ഥിതി ഘടകങ്ങളെ മൂന്നായി തിരിക്കാം . രോഗാവസ്ഥയ്ക്കുള്ള കാരണങ്ങൾ പലതാകാം. രോഗാണുക്കൾ, പരാദങ്ങൾ എന്നിവയുടെ ആക്രമണം , പോഷണക്കുറവ്, അതിപോഷണം, അമിതാഹാരം എന്നിവ കൂടാതെ ആഹാരത്തിൽ നിന്ന് ലഭിക്കുന്ന ചില ഘടകങ്ങൾ കൂടുതലായി ചയാപചയ പ്രക്രിയയിലൂടെ, അതിലുള്ള ക്രമക്കേട് മൂലമോ അളവ് കൂടുതലായതിനാലോ, വ്യയം ചെയ്യപ്പെടാതെയോ പുറംതള്ളപ്പെടാതെയോ ശരീരത്തിൽ അടിഞ്ഞുകൂടി രോഗാവസ്ഥ.ഉണ്ടാകാം. കൂടാതെ അത്യാവശ്യമായ ചില ഘടകങ്ങൾ ലഭിക്കാതെ ശാരീരിക പ്രക്രിയകൾ താളം തെറ്റുന്നതു മൂലമുള്ള രോഗാവസ്ഥയാകാം.വ്യായാമക്കുറവുകൊണ്ടാകുന്ന മേൽപ്പറഞ്ഞതിലേതെങ്കിലും സ്ഥിതിവിശേഷമാകാം. അമിതാദ്ധ്വാനം കൊണ്ടുണ്ടാകുന്ന മേൽപ്പറഞ്ഞതിലേതെങ്കിലും അവസ്ഥയാകാം. ശരീര കോശങ്ങളുടെ അപകർഷവും (degeneration), പ്രായ വർദ്ധനയും(aging) രോഗ കാരണങളാണു. കൂടാതെ പാരമ്പര്യ ഘടകങൾ. മേൽപ്പറഞ്ഞ ഏതെങ്കിലും അസന്തുലിതാവസ്ഥയ്ക്കുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമായുണ്ടാകുന്ന ചില ക്രമക്കേടുകളായാകാം പുറത്ത് കാണപ്പെടുന്നത്. രോഗാവസ്ഥയ്ക്കുള്ള ചികിത്സ തെറ്റായതു മൂലം രോഗാവസ്ഥ സൃഷ്ടിക്കപ്പെടാം. മരുന്നുകളുടെ കുറവു് കൊണ്ടും ആധിക്യം കൊണ്ടും രോഗാവസ്ഥ ഉണ്ടാകാം. അപകടങ്ങൾ കൊണ്ടുമാകാം രോഗാവസ്ഥ. ഇത്തരം ഘടകങ്ങളൊന്നുമില്ലാതിരിക്കുകയും ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങൾ ശരിയായി നടക്കുകയും വ്യക്തിക്ക് ശരീരിക, മാനസിക,സാമൂഹിക സുഖാവസ്ഥ അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥയേയാണ് ആരോഗ്യം എന്ന് പറയുന്നത്.ജീവിക്കുന്ന സാഹചര്യം പൊതുവിൽ വ്യക്തികളുടെ ആരോഗ്യവും ജീവിതത്തിന്റെ ഗുണവും (ക്വാളിറ്റി ഓഫ് ലൈഫ്) നിർണ്ണയിക്കുന്നതിൽ പരമപ്രധാനമാണ്. വൈദ്യശാസ്ത്രത്തിന്റെ പ്രയോഗത്തിലൂടെ മാത്രമല്ല, ജീവിതരീതിയുടെ തിരഞ്ഞെടുപ്പിലൂടെയുമാണ് ജീവിതത്തിന്റെ മൂല്യവും ആരോഗ്യവും വർദ്ധിക്കുന്നത് എന്നത് കൂടുതൽ സ്വീകാര്യമായിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യം നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങൾ സാമൂഹ്യവും സാമ്പത്തികവുമായ അന്തരീക്ഷം, ഭൗതികമായ ചുറ്റുപാട്, വ്യക്തിയുടെ സ്വഭാവങ്ങൾ എന്നിവയാണ് എന്നാണ് ലോകാരോഗ്യസംഘടനയുടെ നിലപാട്