Select Page

തിരുവനന്തപുരം: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യവസായങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പരിസ്ഥിതി അവാര്‍ഡ് പെരുമ്പാവൂര്‍ അല്ലപ്ര നാസ് പ്ലൈവുഡ്‌സിന് ലഭിച്ചു. വ്യവസായ മന്ത്രി എ.സി.മൊയ്തീനില്‍ നിന്ന് കമ്പനിയുടമ എം.എം.നിസാര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

ഇതിന് മുമ്പ് 2012ലും 2015ലും നാസ് പ്ലൈവുഡ്‌സിന് അവാര്‍ഡ് ലഭിച്ചിരുന്നു. പരിസരമലിനീകരണം കുറച്ച് എങ്ങനെ പ്രവര്‍ത്തിക്കാം എന്നതിന്റെ ഉദാഹരണമായി നാസ് പ്ലൈവുഡ് ആവിഷ്‌കരിച്ച പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്. പൊടി വലിച്ചെടുക്കാനുള്ള ഡസ്റ്റ് കളക്ടര്‍, ഇത് വെള്ളത്തില്‍ കലര്‍ത്തുന്ന വാട്ടര്‍ സ്‌ത്രൈബര്‍ എന്നിവ സ്വന്തം രൂപകല്‍പനയിലൂടെ കമ്പനിയില്‍ നടപ്പാക്കി. അത് പോലെ കമ്പനികളുടെ പരിസരത്തുള്ള അഞ്ചേക്കര്‍ സ്ഥലത്ത് ജൈവകൃഷി ഫാം ഒരുക്കി. മത്സ്യകൃഷി, പൂകൃഷി, വെച്ചൂര്‍, കാസര്‍ഗോഡ് കുള്ളന്‍ എന്നീ വര്‍ഗങ്ങളില്‍പ്പെട്ട പശുക്കളുടെ പരിപാലനം തുടങ്ങിയ മേഖലകളിലും നാസ് പ്ലൈവുഡ്‌സ് ഏറെ ശ്രദ്ധനേടി.

ജീവനക്കാര്‍ക്ക് വൃത്തിയുള്ള താമസസൗകര്യവും കാന്റീനും സജ്ജമാക്കിയതും അവാര്‍ഡിനായി പരിഗണിക്കപ്പെട്ടു.

പ്ലൈവുഡ് നിര്‍മ്മാണത്തില്‍ വലിയ പരിസ്ഥിതി പ്രശ്‌നം ഉണ്ടാകുന്ന ചാരം ഉപയോഗിച്ച് സിന്‍ഡര്‍ ബ്രിക് നിര്‍മ്മിക്കുന്ന സാങ്കേതികവിദ്യ ആവിഷ്‌കരിച്ചതും നാസ് പ്ലൈവുഡ്‌സിന് നേട്ടമായി. വിദേശത്ത് ഏറെ പ്രചാരമുള്ള ഈ ഇഷ്ടിക നിര്‍മ്മിക്കുന്നത് കെ.എം.ഇ.എ.എഞ്ചിനീയറിങ് കോളെജിലെ വിദ്യാര്‍ഥികളുടെ സഹകരണത്തോടെയാണ്.