Select Page

പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ ആദ്യത്തെ അന്തരാഷ്ട്ര നിലവാരമുള്ള സ്കൂളായി മാറുവാൻ പെരുമ്പാവൂർ ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ ഒരുങ്ങുന്നു. പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തികരിച്ചു. 5.68 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് അനുമതി ലഭ്യമായത്.

സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ യഞ്ജത്തിന്റെ ഭാഗമായി നിയോജക മണ്ഡലത്തിൽ നിന്നും നിർദ്ദേശിച്ച പദ്ധതിയാണിത്. 5 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിക്കും. ബാക്കി വരുന്ന 68 ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽ നിന്നാണ് വിനിയോഗിക്കുന്നത്. നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്ന ഇൻസ്പെയർ പെരുമ്പാവൂർ വിദ്യാഭ്യാസ നവീകരണ പദ്ധതിയുമായി സംയോജിപ്പിച്ചാകും സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി ഉയർത്തുന്നത്. വരുന്ന ജനുവരി മാസത്തിൽ പദ്ധതി പൂർത്തീകരിച്ച് നാടിന് സമർപ്പിക്കും.

ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കായി മൂന്ന് നില കെട്ടിടമാണ് നിർമ്മിക്കുന്നത്. ഹയർ സെക്കൻഡറി ഭാഗത്തിലെ രണ്ട് നില കെട്ടിടത്തിലെ നിലവിലുള്ള ചെറിയ ക്ലാസ് മുറികൾക്ക്‌ വലിപ്പം കൂട്ടി പുതുക്കി നിർമ്മിക്കും. 20 ക്ലാസ് മുറികൾ കൂടാതെ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് റൂം, അധ്യാപകർക്കായി സ്റ്റാഫ് റൂം, അടുക്കള കെട്ടിടം, ഡൈനിംഗ് ഹാൾ, സ്റ്റോർ റൂമുകൾ, യു.പി ബ്ലോക്കിൽ ഉൾപ്പെടെ എല്ലാ നിലകളിലും ശുചിമുറികളും പുതിയതായി നിർമ്മിക്കുന്ന ഇരുപത്തയ്യായിരം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിൽ ഉൾക്കൊള്ളിക്കുന്നുണ്ട്.

കിറ്റ്‌ക്കോ ആണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. കേന്ദ്ര സർക്കാർ സ്ഥാപനമായ വാപ്ക്കോസ് ആണ് പദ്ധതിയുടെ നിർമ്മാണ മേൽനോട്ട പ്രവർത്തനങ്ങളുടെ ചുമതല നിർവ്വഹിക്കുന്നത്.