Select Page

പെരുബാവൂര്‍ നവാസികളുടെ നിരവധി വര്‍ഷത്തെ മുറവിളിക്കൊടുവില്‍ നഗരത്തിനു തെക്ക് ഭാഗത്ത്  പാലക്കാട്ടുതാഴം മുതല്‍  ഗവ ആശുപത്രിക്ക് കിഴക്കുവശം വരെ നിര്‍മ്മിക്കുന്ന ബൈപ്പാസിനുള്ള അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കുന്നതിനു തുടക്കമായി. കഴിഞ്ഞദിവസം  ബൈപാസിനായി ഏറ്റെടുക്കേണ്ട സ്ഥലങ്ങളുടെ അതിർത്തി കല്ലുകൾ സ്ഥാപിച്ച് തുടങ്ങി. 25 ഏക്കർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്.

133.24 കോടി രൂപയാണ് കിഫ്ബിയിൽ നിന്നും അനുവദിച്ചത്. അതിർത്തി കല്ലുകൾ സ്ഥാപിച്ചതിന് ശേഷം ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കും. പെരുമ്പാവൂർ, വെങ്ങോല, മാറംപ്പിള്ളി വില്ലേജുകളിൽ ഉൾപ്പെട്ട സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. മൂന്നര കിലോ മീറ്റർ ദൈർഘ്യത്തിൽ 25 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. രണ്ട് വരി പാതയായി നിർമ്മാണം പൂർത്തികരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

ആലുവ – മൂന്നാർ റോഡിൽ പാലക്കാട്ട് താഴം മുതൽ പാത്തിപ്പാലം, വട്ടയ്ക്കാട്ടുപടി വഴി മരുതു കവല വഴി എ.എം റോഡിൽ പ്രവേശിക്കുന്ന വിധത്തിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. കിറ്റ്‌കോ ആണ് വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയത്. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ കേരളയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ബൈപ്പാസ് യാഥാര്‍ത്യമാവുന്നതോടെ നഗരം  ഗതാഗത കുരുക്കില്‍ നിന്നും ഒരു പരിധിവരെ മോചിതമാവും.