Select Page

പെരുമ്പാവൂര്‍: പകര്‍ച്ചവ്യാധികളും പനിമരണങ്ങളും ഒഴിവാക്കുന്നതിനു വേണ്ടി നടപ്പിലാക്കി വരുന്ന ആരോഗ്യ ജാഗ്രതാ പദ്ധതിയുടെ ഭാഗമായി അഞ്ചു മുതല്‍ ഒമ്പതു വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കു വേണ്ടി കുടുംബശ്രീയുമായി സഹകരിച്ച് നഗരസഭയില്‍ ജാഗ്രതോത്സവം സംഘടിപ്പിച്ചു. വ്യക്തി ശുചിത്വത്തെയും പരിസര ശുചിത്വത്തെയും സംബന്ധിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിനും പ്രകൃതിയോടിണങ്ങി ജീവിക്കുന്നതിനും ലക്ഷ്യമിട്ടാണ് ജാഗ്രതോത്സവം സംഘടിപ്പിച്ചത്. ചക്ക, മാങ്ങ തുടങ്ങിയ നാടന്‍ വിഭവങ്ങള്‍ കൊണ്ട് തയ്യാറാക്കിയ ഭക്ഷണമാണ് ക്യാമ്പില്‍ കുട്ടികള്‍ക്ക് നല്‍കിയത്. അധ്യാപകര്‍, രക്ഷിതാക്കള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികളുടെ വിവിധ പ്രവര്‍ത്തനങ്ങളും കളികളും നടന്നു.

 

കാഞ്ഞിരക്കാട് എല്‍.പി.എസിലും പെരുമ്പാവൂര്‍ ബോയ്സ് എല്‍.പി.എസിലും നടന്ന ക്യാമ്പുകള്‍ ചെയര്‍പേഴ്സണ്‍ സതി ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ നിഷ വിനയന്‍, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ സുലേഖ ഗോപാലകൃഷ്ണന്‍, കൗണ്‍സിലര്‍മാര്‍, ഹെല്‍ത് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.