Select Page

പെരുമ്പാവൂര്‍: എരപ്പുംപാറ ജവാന്‍രാമന്‍ നായര്‍ മെമ്മൊറിയല്‍ വായനശാല സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു. എരപ്പുംപാറ വായനശാല പ്രിസഡിന്റ് ബെന്നി കുര്യാക്കോസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനം ചാലക്കുടി എംപി ഇന്നസെന്റ് ഉദ്ഘാടനം ചെയ്തു. 25 വര്‍ഷം വായനശാല പ്രസിഡന്റായി ചുമതല വഹിച്ച കെ കെ വേലായുധന് ഉപഹാരം നല്കി ആദരിച്ചു. ജില്ല പഞ്ചായത്ത് മെംമ്പര്‍ ജോളി ബേബി, പവിത്രന്‍ തീക്കുനി, വാര്‍ഡ് മെംമ്പര്‍ ഷിബു പോള്‍, ഫാ. സെബാസ്റ്റ്യന്‍ കൂട്ടുങ്ങല്‍, ടി എം പൗലോസ്, കെ സി ഷാജി, കെ കെ സുരേഷ്‌കുമാര്‍ സംബന്ധിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു എന്നീ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കുള്ള പ്രോത്സാഹന അവാര്‍ഡ്, കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണം, കലാകായിക മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം എന്നിവയും നടത്തി.

സംസ്ഥാനത്തെ ഏക കേന്ദ്ര ടെക്നോളജി സെന്റർ ചാലക്കുടി ലോകസഭാ മണ്ഡലത്തിൽ 14 മാസങ്ങൾക്കുള്ളിൽ പ്രവർത്തനം തുടങ്ങും.

എന്താണ് ടെക്നോളജി സെന്റർ?

കേന്ദ്ര സർക്കാരിന്റെ MSME മന്ത്രാലയം ചെറുകിട സംരംഭകർക്ക് സാങ്കേതിക സഹായം ലഭ്യമാക്കുന്നതിന് 1967 മുതൽ ടെക്നോളജി സെന്ററുകളും ടൂൾ റൂമുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു വരുന്നു. ഇത്തരത്തിൽ സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തത്തോടെ സ്ഥാപിക്കുന്ന കേരളത്തിലെ ആദ്യത്തെ ടെക്നോളജി സെന്റർ അങ്കമാലിയിലെ ഇൻകെൽ കാമ്പസിലാണ് യാഥാർത്ഥ്യമാകാൻ പോകുന്നത്. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് സാങ്കേതിക പിന്തുണയും സ്കിൽ ഡവലപ്പ്മെൻറിനുള്ള പരിശീലനവും നൽകുന്നതാണ് ടെക്നോളജി സെന്റർ. നമ്മുടെ നാട്ടിൽ ചെറുകിട വ്യവസായ സംരംഭങ്ങൾ നടത്തുന്നവർക്ക് ഏറ്റവും ആധുനിക സാങ്കേതിക വിദ്യയും പിന്തുണയും നൽകാൻ ഈ സെന്ററിന് കഴിയും. മികച്ച സാങ്കേതിക വിദഗ്ധരേയും തൊഴിലാളികളേയും വാർത്തെടുക്കുന്ന പരിശീലന കേന്ദ്രവും കൂടിയാണിത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 18 ടെക്നോളജി സെന്ററുകൾ നിലവിൽ പ്രവർത്തിക്കുന്നു. 15 കേന്ദ്രങ്ങൾ പുതുതായി തുടങ്ങാൻ തീരുമാനിച്ചപ്പോൾ ഒന്ന് കേരളത്തിന് കിട്ടി. അതാണ് എന്റെ മണ്ഡലത്തിൽ സ്ഥാപിക്കപ്പെടുന്നത്.

പദ്ധതിയുടെ മറ്റ് വിശദാംശങ്ങൾ

113 കോടി രൂപ ആദ്യഘട്ടത്തിൽ ചെലവഴിക്കുന്ന ടെക്നോളജി സെന്റർ രണ്ടാം ഘട്ടം പൂർത്തിയാകുമ്പോഴേക്ക് 200 കോടി രൂപയുടെ പദ്ധതിയായി മാറും. സംസ്ഥാന സർക്കാരാണ് പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുത്ത് നൽകുന്നത്. 15 ഏക്കർ ഭൂമി അങ്കമാലിയിലെ ഇൻകെൽ കാമ്പസിൽ ഇതിനായി നീക്കിവച്ചു. 67 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികൾക്ക് ടെണ്ടർ ക്ഷണിച്ചു കഴിഞ്ഞു. 14 മാസങ്ങൾക്കുള്ളിൽ MSME ടെക്നോളജി സെന്റർ പ്രവർത്തന സജ്ജമാകും.

പദ്ധതി പ്രദേശം ഞാൻ ഇന്ന് സന്ദർശിച്ചു. മാധ്യമ പ്രവർത്തകരോട് ഇതേക്കുറിച്ച് വിശദീകരിച്ചു. ജനപ്രതിനിധികൾ, രാഷ്ടീയ നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

അതിരപ്പിള്ളി – കോടനാട് ടൂറിസം സർക്യൂട്ട്, നട്ട്മെഗ് പാർക്ക്, സംസ്ഥാനത്തെ ആദ്യ PMGSY പാലം, 40 കോടി രൂപയുടെ CRF റോഡുകൾ, PMGSY റോഡുകൾ… അങ്ങനെ സവിശേഷ പ്രാധാന്യമുള്ള (ശബരി പാത ഉൾപ്പെടെ പൊതു വികസന പദ്ധതികൾ ഇവിടെ പരാമർശിക്കുന്നില്ല) പദ്ധതികളിലൂടെ സംസ്ഥാനത്തെ അതിവേഗം കുതിക്കുന്ന ലോകസഭാ മണ്ഡലങ്ങളിൽ ഒന്നായി ചാലക്കുടി മാറുകയാണ് എന്നതിലുള്ള സന്തോഷം പങ്കുവക്കട്ടെ.

ഈ വർഷത്തെ എം.പി ഫണ്ട് വിനിയോഗത്തിൽ പ്രധാന ഊന്നൽ കുടിവെള്ള പദ്ധതികൾക്കാണ്. ചെറുകിട പദ്ധതികൾക്കൊപ്പം 87 ലക്ഷം രൂപയുടെ ഒരു പദ്ധതി കയ്പമംഗലത്ത് നിർമാണഘട്ടത്തിലാണ്. 70 ലക്ഷം രൂപയുടെ മറ്റൊന്ന് പുളിയിലപ്പാറയിൽ നിർമാണം പൂർത്തിയാക്കിയിരുന്നു. ഇതു കൂടാതെ മറ്റ് പദ്ധതികളും നിർമ്മാണ ഘട്ടത്തിലേക്ക് കടന്നു. എം.പി ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കുന്നത്തുനാട് അസംബ്ലി മണ്ഡലത്തിലെ ഐരാപുരം വിശ്വപുരം കുടിവെള്ള പദ്ധതിയുടെ നിർമാണോദ്ഘാടനം നടന്നു.

എം.പി എന്ന നിലയിൽ ഞാൻ ഏറ്റവും ശ്രദ്ധ നൽകുന്ന ഒന്നാണ് ആരോഗ്യ മേഖല. കഴിഞ്ഞ 3 വർഷമായി ചാലക്കുടി മണ്ഡലത്തിലെ പൊതുജനാരോഗ്യ മേഖലയിൽ എളിയ ഇടപെടലുകൾ നടത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഏറ്റവും പാവപ്പെട്ടവർക്ക് ഏറ്റവും മികച്ച ആരോഗ്യരക്ഷാ സൗകര്യങ്ങൾ ഒരുക്കുന്നതിന് പരിമിതികൾക്കുള്ളിൽ നിന്ന് ശ്രമം നടത്തിയിട്ടുണ്ട്. അത് തുടരുകയും ചെയ്യും.
ഈ വർഷം ഒരു പുതിയ പദ്ധതി മണ്ഡലത്തിൽ ആവിഷ്കരിക്കുകയാണ്; ‘സാന്ത്വനം’. ഭിന്നശേഷിയുള്ളവർക്ക് യന്ത്രവൽകൃത മുച്ചക്ര വാഹനം സൗജന്യമായി നൽകുന്നതാണ് പദ്ധതി. സ്വന്തമായി ഉപജീവന മാർഗം കണ്ടെത്തുന്നതിന് ശാരീരിക വൈകല്യം തടസമായവർക്ക് ഇതൊരു കൈത്താങ്ങ് ആകുമെന്ന് പ്രതീക്ഷിക്കുന്നു. അപേക്ഷകരിൽ നിന്ന് അർഹരായവരെ തെരഞ്ഞെടുത്താണ് വാഹനങ്ങൾ നൽകുക. ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരും, ശാരീരിക വൈകല്യം സംബന്ധിച്ച് മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തിയവരുമാകണം അപേക്ഷകർ. അപേക്ഷകൾ ജൂലൈ 15ന് മുൻപായി എം.പി.ഓഫീസ്, സെന്റ് ജോർജ്ജ് ബസിലിക്കയ്ക്ക് സമീപം, അങ്കമാലി പി.ഒ എന്ന മേൽവിലാസത്തിൽ അയക്കണം.

എന്റെ മണ്ഡലത്തിലെ എം.പി ഫണ്ട് വിനിയോഗത്തിൽ പൊതുമേഖലയിലെ വിവിധ പദ്ധതികൾക്കാണ് മുൻഗണന. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലെല്ലാം സർക്കാർ സ്ഥാപനങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് ഊന്നൽ. സർക്കാർ സ്കൂളുകളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 35 സ്കൂളുകളിൽ സ്മാർട്ട് ക്ലാസുകൾ നൽകി. കെട്ടിട സൗകര്യം വർധിപ്പിക്കുന്നതിന് തെരഞ്ഞെടുത്ത സ്കൂളുകൾക്ക് ധനസഹായം നൽകിയിരുന്നു. ഇതിനു പുറമേ ആവിഷ്കരിച്ചതാണ് ‘സുരക്ഷിത യാത്ര, സുന്ദരയാത്ര’ പദ്ധതി. ഇതു പ്രകാരം പെരുമ്പാവൂർ അസംബ്ലി മണ്ഡലത്തിലെ 4 സ്കൂളുകൾക്ക് സ്കൂൾ ബസുകൾ നൽകി. അവയുടെ താക്കോൽദാനച്ചടങ്ങ് അതത് സകൂളുകളിൽ നടന്നു. 14 ലക്ഷം രൂപ വീതം ഓരോ ബസിനും ചെലവഴിച്ചു. ഇതിനു മുൻപ് 7 ബസുകൾ മുൻവർഷം നൽകിയിരുന്നു.

മണ്ഡലത്തിലെ പ്രധാനപ്പെട്ട പദ്ധതികളാണ് കാലടിയിലെ പുതിയ പാലവും ശബരി പാതയും. ഇവയുടെ തുടർ നടപടികൾ ആലോചിക്കുന്നതിനായി ഒരു യോഗം വിളിച്ചു ചേർത്തിരുന്നു. കാലടി പാലത്തിന്റെ സ്ഥലം ഏറ്റെടുക്കുന്നതിനായുള്ള വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കാൻ തീരുമാനിച്ചു. കാലവർഷം തുടങ്ങുന്നതിന് മുൻപ് തന്നെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി കല്ലുകൾ സ്ഥാപിച്ച് പോകാനും തീരുമാനിച്ചു. കാലടി പാലം നിർമ്മാണത്തിൽ ഇനി ദ്രുത വേഗത്തിൽ നടപടികളുമായി മുന്നോട്ടു പോകും.
മറ്റൊന്ന് ശബരി പാതയുമായി ബന്ധപ്പെട്ടതാണ്. അടുത്ത ജനവരിയോടെ കാലടി വരെയുള്ള ഭാഗം കമ്മീഷൻ ചെയ്യുന്നതിനായി നടപടികൾ പുരോഗമിക്കുകയാണ്. കാലടി സ്റ്റേഷനോട് ചേർന്നും നായത്തോട് ഭാഗത്തും ഉൾപ്പെടെ സബ് വേകൾ നിർമ്മിക്കുന്നതിന് റെയിൽവേ സന്നദ്ധമാണ്. കൂടുതൽ അടിപ്പാതകൾ വേണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെടുന്നുണ്ട്. അക്കാര്യവും പരിശോധിക്കും. മഞ്ഞപ്ര- അയ്യമ്പുഴ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോതായിത്തോട് പാലം, വേങ്ങൂർ- എയർപോർട്ട് റോഡ് എന്നിവയുടെ നിർമ്മാണ നടപടികളും ത്വരിതപ്പെടുത്തും.

‘ശ്രദ്ധ കാൻസർ പ്രതിരോധ പദ്ധതി’ പൂർണ്ണതയിലേക്ക് എത്തുകയാണ്. അങ്കമാലി താലൂക്ക് ആശുപത്രിയിൽ സ്ഥാപിച്ച മാമോഗ്രാം യൂണിറ്റ് നാളെ ( മാർച്ച് 23, രാവിലെ 10ന്) ഉദ്ഘാടനം ചെയ്യും. ഇതോടെ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച 5 യൂണിറ്റുകളും പ്രവർത്തനക്ഷമമാകും. ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ 5 താലൂക്ക് ആശുപത്രികളിലും സ്തനാർബുദ നിർണയത്തിനുള്ള സൗകര്യം ഇതോടെ ലഭ്യമായിരിക്കുകയാണ്. കേരളത്തിൽ ഈയൊരു സൗകര്യം ഒരുക്കുന്ന ആദ്യ മണ്ഡലവും ചാലക്കുടിയാണ്. ആലുവ, പെരുമ്പാവൂർ, ചാലക്കുടി, കൊടുങ്ങല്ലൂർ, എന്നിവിടങ്ങളിലെ യൂണിറ്റുകൾ നേരത്തെ തന്നെ പ്രവർത്തനം തുടങ്ങിയിരുന്നു. എം.പി ഫണ്ടിൽ നിന്ന് 3 കോടി രൂപ ചെലവഴിച്ചാണ് ശ്രദ്ധ പദ്ധതി പൂർത്തിയാക്കിയത്.

അതിരപ്പിള്ളി – കോടനാട് ടൂറിസം സർക്യൂട്ട് യാഥാർത്ഥ്യത്തിലേക്ക്

അതിരപ്പിള്ളി – കോടനാട് ടൂറിസം സർക്യൂട്ട് യാഥാർത്ഥ്യത്തിലേക്ക് ഒരു ചുവടുകൂടി അടുക്കുകയാണ്. പദ്ധതിയുടെ DPR കേന്ദ്ര സർക്കാരിനു കൈമാറി. ടൂറിസം മന്ത്രി മഹേഷ് ശർമ്മയുമായി പദ്ധതിയെക്കുറിച്ച് വിശദമായി ചർച്ച നടത്തി. അടുത്ത സാമ്പത്തിക വർഷം തന്നെ പദ്ധതി നടപ്പാക്കുന്നതിന് മന്ത്രിയോട് അഭ്യർത്ഥിച്ചു. കേരളത്തിന്റെ ടൂറിസം വികസനത്തിൽ നിർണായക ചുവടുവെയ്പ്പ് ആയിരിക്കും ഈ പദ്ധതി.
അതിരപ്പിള്ളിയിൽ നിന്നാരംഭിച്ച് തുമ്പൂർമുഴി, ഏഴാറ്റുമുഖം, മലയാറ്റൂർ, കാലടി, കാഞ്ഞൂർ, തിരുവൈരാണിക്കുളം, നാഗഞ്ചേരി മന, ഇരിങ്ങോൾ, കല്ലിൽ ക്ഷേത്രം എന്നിവിടങ്ങളിലൂടെ കോടനാട് അവസാനിക്കുന്ന ടൂറിസം സർക്യൂട്ട് പുതിയൊരു അനുഭവമാകും വിനോദ സഞ്ചാരികൾക്ക് നൽകുക. പ്രകൃതിയുടെ സ്വാഭാവികത നിലനിർത്തിക്കൊണ്ടു തന്നെ നവീനമായ വികസന പ്രവർത്തനങ്ങൾ ഇതിലൂടെ ഏറ്റെടുക്കും. 58 കിലോമീറ്റർ ദൈർഘ്യമുള്ള സർക്യൂട്ട് താണ്ടാൻ 2 മണിക്കൂർ വേണം. സർക്യൂട്ടിൽ ഉൾപ്പെടുന്ന ടൂറിസം സൈറ്റുകളിൽ ആകർഷകമായ പുത്തൻ സൗകര്യങ്ങൾ ഏർപ്പെടുത്തും. സൈക്ലിംഗിനും മറ്റുമുള്ള സൗകര്യങ്ങളും ഉണ്ടാകും. വഴിയോര വിശ്രമ കേന്ദ്രങ്ങൾ, പാർക്കിംഗ് സൗകര്യം, താമസ സൗകര്യം, മികച്ച യാത്രാ സൗകര്യം എന്നിവ ഒരുക്കുന്നതിനു പുറമേ ഓരോ കേന്ദ്രങ്ങളുടേയും പ്രത്യേകതക്കനുസരണമായുള്ള മറ്റ് വികസന നടപടികളും ഉണ്ടാകും. തദ്ദേശീയർക്കു പുറമേ ധാരാളം വിദേശ സഞ്ചാരികളേയും ആകർഷിക്കാൻ പദ്ധതിയിലൂടെ കഴിയും.
ഡി.പി.ആർ ഉടൻ പരിഗണിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശർമ്മ ഉറപ്പു നൽകി.